‘സിപിഎം ഇന്ത്യാ മുന്നണിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു’; പരസ്യ പ്രതികരണവുമായി മമത ബാനർജി

കൊൽക്കത്ത : ഇന്ത്യാ മുന്നണിയെ നിയന്ത്രിക്കുവാൻ സിപിഎം ശ്രമിക്കുന്നുവെന്നു കുറ്റപ്പെടുത്തി പരസ്യ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സിപിഎമ്മുമായി യോജിക്കാൻ തനിക്കാവില്ലെന്നും മമത കുറ്റപ്പെടുത്തി. അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ മതസൗഹാർദ റാലിയുടെ സമാപന സമ്മേളനത്തിലാണ് ഇന്ത്യ മുന്നണിയിലെ അസ്വാരസ്യം മമത പ്രകടിപ്പിച്ചത്.

‘‘പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നിർദേശിച്ചത് ഞാനാണ്. പക്ഷേ, ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴെല്ലാം അതിനെ ഇടതുപക്ഷം നിയന്ത്രിക്കുന്നതാണ് കാണുന്നത്. അവിടെ യോഗങ്ങളിൽ എനിക്ക് അർഹതപ്പെട്ട ബഹുമാനം ലഭിക്കുന്നില്ല. കഴിഞ്ഞ 34 വർഷമായി സിപിഎമ്മിനെതിരായി പോരാടിയതാണ് ഞാൻ. പോരാടിയവരുമായി യോജിക്കാൻ എനിക്കാകില്ല. അവരിൽ നിന്നുള്ള ഉപദേശം സ്വീകരിക്കാൻ ഞാനില്ല. ബിജെപിക്കെതിരായ യുദ്ധത്തിലാണ് ഞാൻ. എനിക്ക് ശക്തിയുള്ളത് കൊണ്ടാണ് ആ പോരാട്ടം. ശക്തമായ പ്രാദേശിക പാർട്ടികൾ അവരുടെ നിലയ്‌ക്ക് ബിജെപിക്കെതിരെ പോരാടണമെന്നാണ് എന്റെ നിലപാട്. എന്നാൽ ചിലയിടങ്ങളിൽ നിന്ന് ബിജെപിയെ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് സീറ്റ് വിഭജനത്തിൽ ഞങ്ങളെ കേൾക്കാത്തത്’’– മമത ബാനർജി പറഞ്ഞു.

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മതവിഭാഗങ്ങളെ ഒത്തൊരുമിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു മതസൗഹാർദ റാലി.

Top