ലോക്സഭാ അം​ഗത്വം റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നത് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമെന്ന് മമതാ ബാനർജി

ഡല്‍ഹി: മഹുവ മൊയ്ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നത് ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ദുഃഖദിനം ആണ് ഇന്ന്. ബിജെപി ജനാധിപത്യത്തെ കൊന്നു. ഈ യുദ്ധത്തില്‍ മഹുവ വിജയിക്കുമെന്നും മമത പ്രതികരിച്ചു.

ആദ്യം ആരോപണം നിഷേധിച്ച മഹുവ പിന്നീട് തന്റെ ലോഗിന്‍ ഐഡിയും പാസ്വേഡും കൈമാറിയിരുന്നെന്ന് സമ്മതിച്ചു. എത്തിക്‌സ് കമ്മിറ്റി അന്വേഷണത്തിനും മൊഴിയെടുക്കലിനും ശേഷമാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പാര്‍ലമെന്റില്‍ അദാനിക്കെതിരായ ചോദ്യം ചോദിക്കാന്‍ വ്യവസായി ഹിരാ നന്ദാനിയില്‍ നിന്ന് മഹുവ പണം കൈപ്പറ്റി എന്നതാണ് നടപടിക്ക് അടിസ്ഥാനമായ സംഭവം.

മഹുവ മൊയ്ത്രക്ക് സംസാരിക്കാന്‍ അനുമതി നല്‍കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സുതാര്യമായല്ല തയ്യാറാക്കിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സഭയില്‍ വാദിച്ചു. എത്തിക്‌സ് കമ്മിറ്റി എന്തുകൊണ്ട് ഹീരാ നന്ദാനിയെ ചോദ്യം ചെയ്തില്ലെന്ന് തൃണമൂല്‍ അംഗങ്ങള്‍ ചോദിച്ചു. പണം വാങ്ങിയെന്നതിന് ഒരു തെളിവും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന ഗുരുതര പരാമര്‍ശങ്ങളോടെയാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ പരിഗണനയ്ക്ക് വന്നത്. വിപുലമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.ഇന്നാണ് ചോദ്യത്തിന് കോഴ ആരോപണം നേരിട്ട മഹുവ മൊയ്ത്രയെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെ ലോക്‌സഭ പാസ്സാക്കുകയായിരുന്നു. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.

 

Top