പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ സന്ദേശം; പ്രതികരിച്ച് മമതാ ബാനർജി

കൊൽക്കത്ത: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഐക്യദാർണ്ഡ്യം പ്രകടിപ്പിക്കുന്നതിനായി ഏപ്രിൽ 5 ന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും വീട്ടിലെ വിളക്കുകൾ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അത് ”വ്യക്തിപരമായ കാര്യമാണ്” എന്നാണ് അവർ പറഞ്ഞത്.

‘അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് വരുന്നതാണ് പറയുന്നത്. അത് അനുസരിക്കേണ്ടവർക്ക് അനുസരിക്കാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഞാൻ അക്കാര്യത്തിൽ ഒന്നും സംസാരിക്കുന്നില്ല’ മമതാ ബാനർജി പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും മമതാ ബാനർജി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളം പ്രതിസന്ധിക്കിടയിലും കൃത്യമായി നൽകിയെന്നും രണ്ട് മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനുള്ള തുകയും മാറ്റിവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ലോക്ക്ഡൗൺ കാലത്ത് ഭീമമായ വരുമാനമാണ് നഷ്ടമായത്. ഭീമമായ ചെലവാണ് സർക്കാരിനുള്ളത്. മിക്ക സംസ്ഥാനങ്ങളുടെയും ട്രഷറികൾ കാലിയാണ്. ചില സംസ്ഥാനങ്ങൾ 40 ശതമാനം വരെ ശമ്പളമേ നൽകിയിട്ടുള്ളൂ. അക്കാര്യത്തിൽ തങ്ങളുടെ സർക്കാറിന് അഭിമാനമുണ്ടെന്നും മമതാ ബാനർജി പറഞ്ഞു.

കൊവിഡ് റേഷൻ വിതരണത്തിൽ രാഷ്ട്രീയം കളിക്കുന്നവരെ മമത രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Top