കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ ; അന്വേഷണം പ്രഖ്യാപിക്കണമെന്ന് മമത

കൊല്‍ക്കത്ത : കേന്ദ്ര സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒന്നും സുരക്ഷിതമല്ല, വാട്‌സ്ആപ്പുപോലും. നേരത്തെ നമ്മള്‍ ചിന്തിച്ചിരുന്നത് വാട്‌സ്ആപ്പില്‍ ചോര്‍ത്തല്‍ നടക്കില്ലെന്നായിരുന്നു. പക്ഷെ ഇപ്പോള്‍ വാട്‌സ്ആപ്പുപോലും ഒഴിവാക്കപ്പെടുന്നില്ലന്നും മമത പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും മമത ആരോപിച്ചു. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.

എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചാരപ്രവര്‍ത്തനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. ഇതില്‍നിന്നും ആരും ഒഴിഞ്ഞ് നില്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും രണ്ട് സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദേശ പ്രകാരമാണ് ഇത് നടക്കുന്നത്. അവ ഏത് സംസ്ഥാനമാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. പക്ഷേ, ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് അവയെന്നും മമത അറിയിച്ചു.

ആരുടെയും സ്വകാര്യതയില്‍ കടന്നുകയറാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. മാധ്യമസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ഓരോ നിമിഷവും നമ്മള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നിടത്ത് സ്വതന്ത്രമായി സംസാരിക്കാനുള്ള എന്ത് സ്വാതന്ത്ര്യമാണുള്ളതെന്നും മമത ചോദിച്ചു.

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അഭിഭാഷകരുടെയും ഫോണുകളില്‍നിന്നും വിവരങ്ങള്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു ചോര്‍ത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

Top