ബിജെപി ഇനി ‘പഠിക്കും’, ഈ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക്: മമത

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള തങ്ങളുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്നാണ് മമത പറയുന്നത്. എല്ലാം അവസാനിക്കുന്നത് വരെ നമ്മള്‍ പോരാടും എന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപിയെ അറത്ത് മുറിച്ച് കൊണ്ട് മമത നിലപാട് അറിയിച്ചത്.

അതേസമയം ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പൗരത്വം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ അത് അംഗീകരിക്കും. പക്ഷേ, നിങ്ങള്‍ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ അവസാനം വരെ അതിനെ എതിര്‍ക്കും- മമത വ്യക്തമാക്കി.

രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് അതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പൗരത്വ ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകളുണ്ടാക്കി ബിജെപി നാടകം കളിക്കുന്നത് എന്നും മമത പറഞ്ഞു.

രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും അവര്‍ ആരോപിച്ചു. മാത്രമല്ല ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും മമത ആഞ്ഞടിച്ചു.

Top