ഇപ്പോള്‍ യുപിഎ ഇല്ല, ബിജെപിക്കെതിരെ പുതിയ സഖ്യം, ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി മമത

ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധിക്കാനായി യുണൈറ്റഡ് പ്രോഗ്രസീവ് സഖ്യത്തിന് ഇപ്പോഴില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍സിപി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മമതയുടെ പ്രതികരണം.

‘രാജ്യത്തിന്ന് ഫാസിസത്തിന്റെ അന്തരീക്ഷമാണ്. ഇതിനെതിരെ ശക്തമായ മറുപക്ഷം ആവശ്യമുണ്ട്. ആര്‍ക്കുമിത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ശക്തരായവര്‍ ഒരുമിച്ച് നില്‍ക്കണം,’ മമത പറഞ്ഞു. യുപിഎ സഖ്യത്തെ ശരത് പവാര്‍ നയിക്കുമോ എന്ന ചോദ്യത്തിനു പിന്നാലെയാണ് സഖ്യ വിഷയത്തില്‍ മമത തീരുമാനം വ്യക്തമാക്കിയത്.

‘എന്ത് യുപിഎ ഇപ്പോള്‍ യുപിഎ ഇല്ല. ഞങ്ങളതില്‍ ഒരുമിച്ച് തീരുമാനമെടുക്കും,’ മമത ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഒരു സഖ്യമുണ്ടാവുമോ എന്ന ചോദ്യവും പിന്നാലെയെത്തി. ഇതിനും മമത മറുപടി നല്‍കി.

‘പോരാടുന്നവരുടെ ശക്തമായ ബദല്‍ ഉണ്ടാവണമെന്നാണ് ശരത് ജി പറഞ്ഞത്. ഒരാള്‍ പോരാടുന്നില്ലെങ്കില്‍ എന്താണ് ചെയ്യാന്‍ പറ്റുക. എല്ലാവരും പോരാടണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്’, മമത ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കായി മുംബൈയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിയിരിക്കുകയാണ് മമത ബാനര്‍ജി.

ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ഇതിനായി ഒരേ മനസ്സുള്ള എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നാണ് മമത ചിന്തിക്കുന്നതെന്ന് ശരത് പവാറും പറഞ്ഞു. കോണ്‍ഗ്രസില്ലാതെ ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബിജെപിയെ എതിര്‍ക്കുന്ന എല്ലാവരെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നും ആരെയും മാറ്റി നിര്‍ത്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

Top