തെരുവിലിറങ്ങി മമതാ ബാനര്‍ജി; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും തെരഞ്ഞെടുപ്പും

മതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി. തന്റെ പ്രതിഷേധങ്ങളും, രാഷ്ട്രീയ ലക്ഷ്യങ്ങളും നടപ്പാക്കാന്‍ തെരുവിലിറങ്ങുന്ന ശീലമുണ്ട് മമതയ്ക്ക്. അതല്ലെങ്കില്‍ ബംഗാള്‍ ഭരിച്ച ഇടതുകാരെ നിലത്തിറക്കാന്‍ പയറ്റിയ കുടിയേറ്റ പ്രശ്‌നത്തെ ഇപ്പോള്‍ അനുകൂലിച്ച് തെരുവിലിറങ്ങാന്‍ മമതാ ഒരുങ്ങുമായിരുന്നില്ല. സിങ്കൂര്‍ പ്രതിഷേധങ്ങള്‍ക്ക് ദേശീയ ഹൈവേ തെരഞ്ഞെടുത്തതും, കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ സംരക്ഷിക്കാന്‍ ധര്‍ണ്ണ നടത്തിയതും ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടും.

ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയ്‌ക്കെതിരെയാണ് ഇക്കുറി മമത തെരുവില്‍ ഇറങ്ങുന്നത്. തന്റെ ശവശരീരത്തിന് മുകളിലൂടെ വേണം ഈ നിയമങ്ങള്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാനെന്ന് പ്രഖ്യാപിച്ച് രണ്ട് പ്രധാന റാലികളും മമത സംഘടിപ്പിച്ചു. ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍.

രണ്ട് തലത്തില്‍ തൃണമൂലിന് ശക്തി വര്‍ദ്ധിപ്പിക്കാനാണ് മമത ലക്ഷ്യംവെയ്ക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴ്ത്തുന്നതിന് പുറമെ പൗരത്വ നിയമത്തില്‍ എതിര്‍പ്പുള്ള ബംഗാളിലെ അഭ്യസ്തവിദ്യരുടെ വോട്ട് പിടിച്ചെടുക്കാനും മമത തന്ത്രം ഇറക്കുന്നു. ബംഗാളില്‍ ബിജെപി ശക്തി വര്‍ദ്ധിപ്പിക്കുന്നത് കണ്ടിട്ട് തന്നെയാണ് ഈ നീക്കം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയ തൃണമൂല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 22 സീറ്റിലേക്ക് താഴ്ന്നു. 2 സീറ്റുണ്ടായ ബിജെപി 18 സീറ്റിലേക്ക് വളര്‍ന്നു. ഇടത് വോട്ടുകള്‍ ബിജെപിക്ക് പോയതാണ് ഇതിന് വഴിയൊരുക്കിയത്. ഇടതിന്റെ ശക്തി ക്ഷയിച്ച സാഹചര്യത്തില്‍ പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററിന്റെയും പേരില്‍ വോട്ട് പിടിക്കുകയാണ് മമതാ ബാനര്‍ജിയുടെ ശ്രമം. ഒരിക്കല്‍ ലോക്‌സഭയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരുടെ പേരില്‍ രാജിവെച്ച ചരിത്രമുള്ള മമതാ ബാനര്‍ജി രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും മാറ്റാമെന്ന് തെളിയിക്കുന്നു.

Top