ചില പാര്‍ട്ടികള്‍ തന്നെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുന്നുണ്ടെന്ന് മമത ബാനര്‍ജി

mamata

കൊല്‍ക്കത്ത: ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ വധിക്കാന്‍ ആസൂത്രണം നടത്തുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനായി പ്രൊഫഷണല്‍ കൊലപാതകികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. താന്‍ ഒന്നിലും ഭയക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍, ഞാനവരുടെ പേര് പറയുന്നില്ല. എന്നെ വധിക്കാനായി വാടക കൊലയാളികള്‍ക്ക് കരാര്‍ നല്‍കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകികള്‍ കാളീഘട്ടിലുള്ള തന്റെ വീട്ടിലെത്തി നിരീക്ഷണം നടത്തി. ഭരണകൂടത്തിന്റെ ഭാഗമായതുകൊണ്ട് ഞാന്‍ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞെന്നുമാണ് മമത കഴിഞ്ഞ ദിവസം അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് വാങ്ങിയ വീട്ടിലാണ് ഇപ്പോഴും മമത താമസിക്കുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഈ വീട്ടില്‍ താമസിക്കുന്ന ഇവരുടെ സുരക്ഷ ഒരുക്കുന്നത് പൊലീസിന് വെല്ലുവിളിയാണ്. താമസം മാറണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ താന്‍ അത് നിഷേധിക്കുകയായിരുന്നെന്നും മമത വ്യക്തമാക്കി.

തനിക്ക് ഭീഷണിയുള്ള കാര്യം പാര്‍ട്ടിയിലെയും കുടുംബത്തിലെയും പ്രധാന നേതാക്കള്‍ക്കൊന്നും അറിയില്ലെന്നും ആദ്യമായിട്ടാണ് ഇക്കാര്യം താന്‍ പരസ്യമാക്കുന്നതെന്നും അഭിമുഖത്തിനിടെ മമത പറഞ്ഞു.

മമതയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സംസ്ഥാന പൊലീസ് തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Top