ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ മമത ബാനർജിക്ക് തിരിച്ചടി

മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023ലെ സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ്. സെഷന്‍സ് കോടതി വിധിയില്‍ അവ്യക്തതകളുണ്ടെങ്കിലും പരാതിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി മമത ബാനര്‍ജിക്ക് സമന്‍സ് അയച്ചു. ഇതോടെ മമത പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.

2022 മാര്‍ച്ചിലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ദേശീയഗാനം മമത ബാനര്‍ജി സ്വന്തം രീതിയില്‍ ആലപിച്ചു, മുഴുവനും പൂര്‍ത്തീകരിച്ചില്ലെന്നുമായിരുന്നു പരാതി. മുഖ്യമന്ത്രിയായിരുന്ന മമത പ്രോട്ടോകോളുകള്‍ പാലിച്ച് മറ്റൊരു സംസ്ഥാനത്തെത്തി ദേശീയ ഗാനത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.

Top