ഈ സ്വതന്ത്ര്യദിനത്തില്‍ പോലും കശ്മീരികള്‍ അസ്വാതന്ത്ര്യത്തിലാണ്: മമത

കൊല്‍ക്കത്ത: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇന്നത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ പോലും കശ്മീരികള്‍ അസ്വാതന്ത്ര്യത്തിലാണെന്ന് മമത പറഞ്ഞു. കശ്മീരില്‍ സമാധാനം പുലരണം. കശ്മീരികളെ നമ്മളില്‍ നിന്നും അകറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്നും ആഗ്രഹിച്ചത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് പോലും അവര്‍ കടുത്ത മാനസിക വിഷമത്തിലാണ്. അവര്‍ക്ക് സ്വാതന്ത്ര്യമില്ല- മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

ഞാന്‍ കശ്മീരിനെ സ്‌നേഹിക്കുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ 370 ന്റെ മെറിറ്റിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. പക്ഷേ അത് നടപ്പാക്കിയ രീതി തെറ്റാണെന്ന് ഞാന്‍ വീണ്ടും പറയുകയാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ ആളുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി നടപ്പാക്കേണ്ട ഒന്നല്ല ഇത്. തികച്ചും തെറ്റായ രീതിയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍ എവിടെയാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ ഇപ്പോഴും അറിയില്ല. ഉത്തരം ലഭിക്കാനുള്ള അവകാശം നമുക്കില്ലേ? സമാധാനപരമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്, പക്ഷേ അവര്‍ അതും ഇല്ലാതാക്കിയെന്ന് മമത കുറ്റപ്പെടുത്തി.

കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യത്തെ വരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തി. മാധ്യമങ്ങള്‍ക്ക് അവിടെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സത്യം തുറന്നു കാണിക്കാന്‍ അവര്‍ക്കാവുന്നില്ല. കശ്മീരില്‍ എല്ലാം നന്നായി നടക്കുന്നു എന്ന് കാണിക്കാനാണ് അവരോട് ആവശ്യപ്പെടുന്നത്. ഇതാണോ ജനാധിപത്യം? – മമത ചോദിച്ചു.

Top