മമതാ ബാനര്‍ജി കേന്ദ്രത്തിനെതിരായി നടത്തിയ ധര്‍ണ്ണ അവസാനിപ്പിച്ചു

കൊല്‍ക്കത്ത: പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതിനു ശേഷം കേന്ദ്രത്തിനെതിരായി കൊല്‍ക്കത്ത മെട്രോ ചാനലില്‍ നടത്തിവന്ന ധര്‍ണ്ണ മമത ബാനര്‍ജി അവസാനിപ്പിച്ചു.

നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടര്‍ച്ചയായി മമത സമരം തുടങ്ങിയത്. കോടതിയില്‍ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനര്‍ജി സമരം അവസാനിപ്പിച്ചത്.

ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു. കേന്ദ്രം പ്രതികാരം തീര്‍ക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വാര്‍ഷിക മെഡലുകള്‍ സമ്മാനിച്ചതും സമരവേദിയില്‍ വെച്ചായിരുന്നു.

Top