“മോദിയുടെ വിസ റദ്ദാക്കണം”-ബംഗ്ലാദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദിയുടെ ശ്രമമെന്ന് മമത ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പൂർണമായ ലംഘനമാണ്. ഖരഗ്പുരിൽ നടന്ന പ്രചാരണ പരിപാടിയിൽ മമത പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഖാരഖ്പുരില്‍ മമത ആരോപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ ഒരു ബംഗ്ലാദേശി നടന്‍ പങ്കെടുത്തപ്പോള്‍ ബിജെപി ബംഗ്ലാദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരുവിഭാഗം ജനങ്ങളുടെ വോട്ട് നേടാനായി മോദി ബംഗ്ലാദേശില്‍ പോയി. എന്തുകൊണ്ടാണ് മോദിയുടെ വിസ റദ്ദാക്കാത്തതെന്നും മമത ചോദിച്ചു.

മമത ബംഗ്ലദേശിൽനിന്ന് ബംഗാളിലേക്ക് ആളുകളെ കൊണ്ടുവന്നു നുഴഞ്ഞുകയറ്റം നടത്തിയെന്ന് ആരോപിക്കുന്നവർ എന്തിനാണ് ബംഗ്ലാദേശിൽ പോയി പ്രചാരണം നടത്തുന്നതെന്നും മമത ചോദിച്ചു.

Top