ബംഗാളില്‍ മമതയുടെ സത്യാഗ്രഹം തുടരുന്നു; സിബിഐ ഇന്ന് സുപ്രീംകോടതിയിലേക്ക്

കൊല്‍ക്കത്ത: കേന്ദ്രത്തിനോടും സിബിഐയോടും യുദ്ധം പ്രഖ്യാപിച്ചശേഷം കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മമതയ്‌ക്കെതിരെ രംഗത്തെത്തി. മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.

സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാന്‍ അനവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം

ശാരദ ചിട്ടി തട്ടിപ്പ്‌കേസിലെ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞുവെന്ന പരാതിയുമായാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിലെ തെളിവുകള്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നും ഇടക്കാല സിബിഐ ഡയറക്ടര്‍ എം.നാഗേശ്വര റാവു ആരോപിച്ചു.നടപടി ആവശ്യപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയെ കാണാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പശ്ചിമബംഗാളിലെ സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും ഇന്ന് പ്രക്ഷുബ്ധമാക്കും. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കേന്ദ്രം സിബിഐയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് നോട്ടീസ്. ബിജെപി പ്രതിപക്ഷത്തെ ചെറുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇരു സഭകളിലും അജണ്ടയിലുണ്ടെങ്കിലും സ്തംഭിക്കാനാണ് സാധ്യത

Top