പുതിയ ഇന്നിങ്സിനായി കാത്തിരിക്കുന്നു; സൗരവ് ഗാംഗുലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത:ബി.സി.സി.ഐ പ്രസിഡന്റായി തെരഞ്ഞെടുത്ത സൗരവ് ഗാംഗുലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഇന്ത്യയുടേയും ബംഗാളിന്റേയും അഭിമാനമാണ് താങ്കള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായുള്ള താങ്കളുടെ ഭരണകാലഘട്ടം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്സിനായി കാത്തിരിക്കുന്നു. മമത പറഞ്ഞു.


മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ അനൗപചാരിക യോഗത്തിലാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് സമവായത്തിലൂടെ ഗാംഗുലിക്ക് നറുക്ക് വീണത്.

ബിസിസിഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. എന്നാല്‍ പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതിനാല്‍ മറ്റാരും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റു സ്ഥാനത്തേക്ക് എത്തുന്നത്.

Top