ആളുകളുടെ ‘പെയിന്‍’ മനസ്സിലാക്കാന്‍ മമതാ ബാനര്‍ജിക്ക് കഴിയില്ല; വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സ്‌പെയിന്‍ യാത്ര. മമതക്ക് സ്‌പെയിനിലേക്ക് പോകാന്‍ പറ്റുമെന്നും എന്നാല്‍ ആളുകളുടെ ‘പെയിന്‍’ മനസ്സിലാക്കാന്‍ കഴിവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിക്കു വേണ്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും കൈകോര്‍ക്കുമ്പോഴാണ് ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വഷളാകുന്നത്.

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാധാരണക്കാരുടെ വിഷയങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മുഖ്യമന്ത്രിക്ക് സ്പെയിനിലേക്ക് പോകാന്‍ പറ്റും, എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ വേദന മനസ്സിലാക്കാന്‍ കഴിയുന്നില്ല’- അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാഷ്ട്രത്തിലേക്കുള്ള യാത്രയ്ക്കിടെ മമതാ ബാനര്‍ജി ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനെയും ചൗധരി വിമര്‍ശിച്ചു. മുഖ്യമന്ത്രി ശമ്പളം വാങ്ങുന്നില്ലെന്ന് കേട്ടിട്ടുണ്ട്. സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്. അങ്ങനെയാണെങ്കില്‍ മഡ്രിഡില്‍ പ്രതിദിനം മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലില്‍ എങ്ങനെ താമസിക്കാന്‍ കഴിയും എത്ര രൂപയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

Top