ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച നടപടി പിന്‍വലിക്കണമെന്ന് മമത

ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാന്‍ ആകില്ലെന്നും മമത കത്തില്‍ പറയുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍ ഹാജരായില്ല. അടിയന്തിര യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും എത്താന്‍ ആകില്ലെന്നും ആലാപന്‍ ബാനര്‍ജി അറിയിച്ചതായാണ് വിവരം. കേന്ദ്രസര്‍വീസിലേക്ക് തിരിച്ചുവിളിച്ച ആലാപന്‍ ബാനര്‍ജിയോട് ഇന്ന് നേരിട്ട് എത്താനായിരുന്നു പേഴ്സണല്‍ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

അതിനിടെ, ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിച്ച നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് മുന്‍ഗണന നല്‍കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സംസ്ഥാനങ്ങളെ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുകയാണ് ചെയ്യേണ്ടതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

 

Top