‘സന്ദേശ്ഖലി പ്രശ്‌നത്തിന് കാരണം ബിജെപി’; മമത ബാനര്‍ജി

ബംഗാള്‍: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലി സംഘര്‍ഷത്തിന് കാരണം ബിജെപിയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഇതുവരെ 17 പേരെ അറസ്സ് ചെയ്തതായി മമത ബാനര്‍ജി അറിയിച്ചു. താന്‍ ഒരിക്കലും അനീതി അനുവദിച്ചിട്ടില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെ പ്രശ്‌നബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാന വനിതാ പൊലീസ് സംഘം പരാതി ശേഖരിക്കാനായി സ്ഥലത്തുണ്ട്. പ്രദേശത്തെ പ്രശ്‌നങ്ങളെ ഗൗരവമായാണ് കാണുന്നത്. സന്ദേശ്ഖാലിയിലെ സംഭവങ്ങളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്.

സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി ലക്ഷ്യമിടുന്നുണ്ട്. പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ബലാത്സംഗവും ലൈംഗികാതിക്രമവും സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകളെ തൃണമൂല്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ത്രീകള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മീറ്റിംഗുകളുടെയും റാലികളുടെയും പേരിലാണ് സ്ത്രീകളെ വിളിച്ചുകൊണ്ടിരുന്നത്. ഒരുപക്ഷേ പോയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും സ്ത്രീകള്‍ പറഞ്ഞു. പേടിച്ചായിരുന്നു തങ്ങള്‍ അവിടെ നിന്നതെന്നും അവര്‍ വെളിപ്പെടുത്തി. ഒരുപക്ഷേ തങ്ങള്‍ പോകാന്‍ വിസമ്മതിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെയും ഉപദ്രവിക്കുമെന്നും അവര്‍ പറഞ്ഞു.

Top