മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് റിപ്പോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് തേടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മമതാ ബാനര്‍ജി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിക്ക് മുതുകില്‍ പരിക്കേറ്റു. ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെ പരമാവധി 19 പേരെ വഹിക്കാന്‍ ശേഷിയുള്ള 10.3 ടണ്‍ ഭാരം കുറഞ്ഞ വിമാനമായ ദസ്സാള്‍ട്ട് ഫാല്‍ക്കണ്‍ 2000 എന്ന വിമാനത്തിലാണ് ബാനര്‍ജി യാത്ര ചെയ്തത്.

 

Top