സംസ്ഥാനത്തിന് കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മമത

കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗാളില്‍ ഓക്‌സിജന്‍ ആവശ്യകത വര്‍ധിക്കുന്നതിനിടെ കേന്ദ്രം മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം വഴിതിരിച്ചുവിടുകയാണെന്നും കത്തില്‍ മമത ആരോപിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ബംഗാളിലെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആവശ്യമായ ഓക്‌സിജന്‍ അനുവദിക്കുന്നതിന് പകരം സംസ്ഥാനത്തെ മൊത്തം ഓക്‌സിജന്‍ ഉത്പാദനത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ വിഹിതത്തിന്റെ അളവ് കേന്ദ്രം വര്‍ധിക്കുകയാണ് ചെയ്തതെന്നും മമത കത്തില്‍ ചൂണ്ടിക്കാണിച്ചു.

പ്രതിദിനം ബംഗാളില്‍ 560 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മമത ഓര്‍മപ്പെടുത്തി. സംസ്ഥാനത്തിന് മതിയായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

Top