ആർ.എസ്.എസും നിലപാട് കടുപ്പിച്ചു . . . കേരളത്തോട് പകവീട്ടാൻ കേന്ദ്ര സർക്കാർ

മതയാണോ പിണറായിയാണോ ആര്‍.എസ്.എസിന്റെ പ്രധാന ശത്രു എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്.

കമ്യൂണിസ്റ്റ് നേതാവായ പിണറായി തന്നെയാണ് അപകടകാരിയെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.

മമതയുടേത് ഒറ്റയാള്‍ പോരാട്ടമാണെങ്കില്‍ പ്രത്യാശയാസ്ത്രപരമായ പിന്‍ബലമാണ് പിണറായിയുടെ കരുത്തെന്നാണ് കാവി നേതൃത്വം പറയുന്നത്.

അതുകൊണ്ട് തന്നെ ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകളെ ഗൗരവമായി കാണാനാണ് ആര്‍എസ്എസ് നേതൃത്വം, കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കിയതാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ബംഗാളില്‍ മമത പോലും ചെയ്യാന്‍ ധൈര്യപ്പെടാത്തത് പിണറായി ചെയ്തതാണ് രോഷത്തിന് കാരണം. കേരളത്തിന്റെ നിലപാട് അന്തര്‍ദേശീയ രംഗത്ത് ചര്‍ച്ച ചെയ്യപ്പെട്ടതും സംഘപരിവാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ബംഗാള്‍ നിയമസഭ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നെങ്കിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നില്ല.

മാത്രമല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ നടത്തിയ സമരത്തിനെതിരെയും മമത രംഗത്ത് വന്നിരുന്നു.

പണിമുടക്കിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന സംഘര്‍ഷമാണ് മമതയെ പ്രകോപിപ്പിച്ചത്. സി.പി.എമ്മിനെതിരായിരുന്നു മുഴുവന്‍ രോഷവും. രാഷ്ട്രീയ അസ്തിത്വം ഇല്ലാത്തവര്‍ പണിമുടക്കുകള്‍ ആഹ്വാനം ചെയ്യുന്നു എന്നായിരുന്നു ആക്ഷേപം.

മമതയുടെ ഇരട്ടത്താപ്പാണ് പ്രതികരണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. പണിമുടക്ക് വന്‍ വിജയമായത് ബി.ജെ.പിയേക്കാള്‍ ഇപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നത് മമതയെയാണെന്നാണ് ഇടതുപക്ഷം പരിഹസിക്കുന്നത്.

കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും മമതയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ബംഗാളില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാത്തതിനെ ഇടതുപക്ഷം ശരിക്കും ചോദ്യം ചെയ്യുന്നുണ്ട്. മമത ബി.ജെ.പിയുടെ ബി. ടീമാണെന്നും ഇപ്പോള്‍ കളിക്കുന്നതെല്ലാം പൊറാട്ട് നാടകമാണെന്നുമാണ് ചെമ്പട ആരോപിക്കുന്നത്.സംസ്ഥാന ഭരണം വിട്ടുള്ള ഒരു കളിക്കും മമത തയ്യാറാകില്ലന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനെ പിരിച്ച് വിട്ടാലും വേണ്ടില്ലന്ന നിലപാട് സ്വീകരിച്ച് പ്രമേയം അവതരിപ്പിച്ച ഇടതു സര്‍ക്കാര്‍ നിലപാടാണ് ബംഗാളിപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത്. മമതയുടെ തൃണമൂല്‍ മുന്‍പ് ബി.ജെ.പി സഖ്യകക്ഷിയായ കാര്യവും സി.പി.എം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

sonia gandhi

sonia gandhi

ജനുവരി 13ന് നടക്കുന്ന സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ യോഗത്തില്‍ പങ്കെടുക്കില്ലന്ന നിലപാടും മമതയുടെ തനിനിറം തുറന്നുകാട്ടുന്നതാണ്. ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും ആരോപിക്കുന്നത്. സോണിയ ഗാന്ധിയാണ് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ സി.പി.എം നിലപാടിനെതിരെ കേന്ദ്രമിപ്പോള്‍ പകപോക്കല്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് ഈ പകപോക്കല്‍ എന്നതും ശ്രദ്ധേയമാണ്.

കേന്ദ്രത്തിനെതിരെ അര്‍ബന്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന മോദിയുടെയും അമിത് ഷായുടെയും ആരോപണം തന്നെ ഇടതുപക്ഷത്തെ ലക്ഷ്യമിട്ടാണ്.

സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വലിയ കഴിവ് ഇടതു നേതാക്കള്‍ക്കുണ്ടെന്നാണ് സംഘപരിവാര്‍ വിലയിരുത്തല്‍.

താരതമ്യേനെ ചുവപ്പിന് ശക്തി കുറഞ്ഞ മഹാരാഷ്ട്രയില്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് നടത്തിയ കര്‍ഷക പ്രക്ഷോഭമാണ് ഉദാഹരണമായി ആര്‍.എസ്.എസ് ചൂണ്ടിക്കാണിക്കുന്നത്.

ലക്ഷം കര്‍ഷകരാണ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറിനെതിരെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ലോംങ് മാര്‍ച്ച് നടത്തിയിരുന്നത്. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നത്. സമാനമായ പ്രതിഷേധം രാജസ്ഥാനിലും മധ്യപ്രദേശിലും കിസാന്‍ സഭ സംഘടിപ്പിച്ചിരുന്നു.

സി.പി.എം കര്‍ഷക സംഘടന വിതച്ചത് കോണ്‍ഗ്രസ്സ് കൊയ്തത് കൊണ്ടാണ് രാജസ്ഥാനും മധ്യപ്രദേശും കൈവിട്ട് പോയതെന്നാണ് സംഘ പരിവാര്‍ കരുതുന്നത്. മഹാരാഷ്ട്രയില്‍ നൂറിനടുത്ത് സീറ്റ് വാങ്ങാന്‍ എന്‍.സി.പിക്കും കോണ്‍ഗ്രസ്സിനും കഴിഞ്ഞതിന് പിന്നിലും കെടാത്ത കര്‍ഷക പ്രതിഷേധ തീ ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍.

സംഘടനാപരമായ ദൗര്‍ബല്യം പരിഹരിച്ച് ഉത്തരേന്ത്യയില്‍ സി.പി.എം പിടിമുറുക്കാന്‍ ശ്രമം നടത്തുന്നതിനെയും ഗൗരവമായാണ് ആര്‍.എസ്.എസ് നേതൃത്വം നോക്കി കാണുന്നത്.

ഒരു സംസ്ഥാനത്ത് മാത്രമേ ഭരണത്തിലൊള്ളു എങ്കിലും നിസാരമായി സി.പി.എമ്മിനെ കാണരുതെന്നാണ് ബി.ജെ.പിക്കുള്ള ആര്‍.എസ്.എസ് മുന്നറിയിപ്പ്.

കേരളത്തിലെ പ്രമേയാവതരണം ചൂണ്ടിക്കാട്ടി ബംഗാളിലടക്കം തിരിച്ചുവരവിനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. മമതക്കെതിരായി പിണറായിയുടെ നിലപാടുകള്‍ സിപിഎം ബംഗാളില്‍ ഉപയോഗപ്പെടുത്തുന്നതിനെ ഗൗരവമായി തന്നെയാണ് കാവിപ്പട വീക്ഷിക്കുന്നത്.

ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയതോടെ പിണറായി സര്‍ക്കാറിനെ വരിഞ്ഞ് മുറുക്കാനാണിപ്പോള്‍ കേന്ദ്രം സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേന്ദ്ര വായ്പയടക്കം 8338 കോടി രൂപയാണ് സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുന്നത്. ഇതു മൂലം സംസ്ഥാന ഖജനാവില്‍ അസാധാരണമായ ഞെരുക്കം സൃഷ്ടിച്ച് കഴിഞ്ഞതായി ധനമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി കഴിഞ്ഞു.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനവും കേന്ദ്ര വായ്പയും ഗ്രാന്റുമാണ്. ഇവയാണ് കുത്തന്നെ വെട്ടി കുറച്ചിരിക്കുന്നത്. ബജറ്റ് വകയിരുത്തല്‍ പ്രകാരം വായ്പയായി 10,233 കോടി രൂപ അവസാന പാദം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അനുവദിച്ചിരിക്കുന്നത് 1920 കോടി രൂപ മാത്രമാണ്.

സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനമായ 24, 915 കോടി രൂപ വകയിരുത്തിയാണ് വരവ് ചെലവ് ആസൂത്രണം ചെയ്തിരുന്നത്. വര്‍ഷത്തിന്റെ പകുതിയില്‍ ഇതില്‍ 5325 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അവസാന പാദത്തില്‍ 4900 കോടി രൂപ വായ്പയെടുക്കാനുള്ള നീക്കവും പാളിയിട്ടുണ്ട്. സംസ്ഥാനത്തിന് വായ്പാ അനുമതി ലഭിച്ചത് 1920 കോടി രൂപക്ക് മാത്രമാണ്.

thomas-issac

thomas-issac

അതേസമയം, ഇതുവരെ എടുത്ത വായ്പയുടെ മുതലും പലിശയും അടക്കം 4615 കോടി രൂപയാണ് കേന്ദ്രത്തിന് തിരിച്ച് നല്‍കേണ്ടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 19,500 കോടി രൂപ വായ്പ കിട്ടിയ സ്ഥാനത്ത് ഈ വര്‍ഷം അത് 16, 602 കോടി രൂപയായി ചുരുങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനപാദം 3200 കോടി രൂപയാണ് ലഭിച്ചിരുന്നത്.

ഇതിനു പുറമെ കേന്ദ്ര ഗ്രാന്റുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഡിസംബറിലെ ജി.എസ്.ടി നഷ്ടപരിഹാരം 1600 കോടി ഇതുവരെയും കേന്ദ്രം കേരളത്തിന് നല്‍കിയിട്ടില്ല.

കേന്ദ്ര നികുതി വിഹിതമായി കഴിഞ്ഞ വര്‍ഷം അവസാന മൂന്നുമാസത്തില്‍ 6866 കോടി രൂപയാണ് ലഭിച്ചിരുന്നത്. ഇത് ഈ വര്‍ഷം 4524 കോടിയായി കുറയുമെന്നാണ് ലഭിക്കുന്ന സൂചന.

സാമ്പത്തികമായി ശ്വാസംമുട്ടുന്ന അവസ്ഥയിലേക്കാണ് കേരളമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്. ശ്വാസംമുട്ടിച്ച് വരുതിയിലാക്കാം എന്നതാണ് നിലപാടെങ്കില്‍ അത് ഒരിക്കലും നടക്കാന്‍ പോകില്ലെന്നാണ് ഇടതുപക്ഷവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Political Reporter

Top