മന്ത്രിമാരുടെ അറസ്റ്റില്‍ പൊട്ടിത്തെറിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: നാരദ കൈക്കൂലി കേസില്‍ തന്റെ മന്ത്രിസഭയിലെ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ സിബിഐ അറസ്റ്റു ചെയ്തതില്‍ പ്രകോപിതയായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിമാരുടെ അറസ്റ്റിനു തൊട്ടുപിന്നാലെ മമത കൊല്‍ക്കത്തയിലെ സിബിഐ ഓഫിസിലെത്തി. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നു മമത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

‘സ്പീക്കറുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. എന്റെ മന്ത്രിമാരെ നിങ്ങള്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം’- മമത സിബിഐ സംഘത്തോടു പറഞ്ഞതായി അഭിഭാഷകന്‍ അനിന്ദോ റാവത്ത് വാര്‍ത്താ ഏജന്‍സിയോട്  പറഞ്ഞു.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരും ബംഗാളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിന്റെ തുടര്‍ച്ചയാണ് സിബിഐയെ ഉപയോഗിച്ചുള്ള നീക്കമെന്നാണ് ആരോപണം. മന്ത്രിമാരെ കൂടാതെ തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും വീടുകളില്‍നിന്ന് സിബിഐ സംഘം ഓഫിസിലേക്കു കൊണ്ടുപോയി.

സംഭവത്തില്‍ പ്രതിഷേധിച്ചു തൃണമൂല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനു പിന്നാലെയാണു മുഖ്യമന്ത്രി സിബിഐ ഓഫിസിലേക്ക് പോയത്. ശരിയായ അനുമതിയില്ലാതെയാണു തന്നെ അറസ്റ്റ് ചെയ്തതെന്നു ഫിര്‍ഹാദ് ഹക്കീം ആരോപിച്ചു. കൊല്‍ക്കത്ത മുന്‍ മേയറും മുതിര്‍ന്ന മന്ത്രിയുമായ സോവന്‍ ചാറ്റര്‍ജി 2019ല്‍ തൃണമൂലില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നെങ്കിലും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.

നാലു പേര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ഈ മാസം ആദ്യമാണ് അനുമതി നല്‍കിയത്. എംഎല്‍എമാര്‍ക്ക് എതിരായ നിയമ നടപടിക്കു നിയമസഭാ സ്പീക്കറാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച്, സ്പീക്കറോട് അനുമതി ചോദിക്കാതെ ഗവര്‍ണറെയാണു സിബിഐ സമീപിച്ചത്. 2014ല്‍ നാരദ കൈക്കൂലി ടേപ്പുകള്‍ ചിത്രീകരിച്ചപ്പോള്‍ നാലു പേരും മുന്‍ മമത സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു.

 

Top