കഴിഞ്ഞതൊക്കെ തന്നെ ധാരാളം; ഇനി ബംഗാളില്‍ ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജി

mamathanewone

കൊല്‍ക്കത്ത: തൊഴിലാളിസംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് പത്തിലധികം ട്രേഡ് യൂണിന്‍ സംഘടനകളുടെ പണിമുടക്ക്.

ഇനി ഇതെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ തയ്യാറല്ല. പശ്ചിമബംഗാളില്‍ യാതൊരുവിധ ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന് നിലപാട് എടുത്തിട്ടുള്ളതാണ്. കഴിഞ്ഞിടത്തോളം കഴിഞ്ഞു. കഴിഞ്ഞ 34 വര്‍ഷത്തിനിടെ അവര്‍ (ഇടതുപക്ഷം) ബന്ദിന്റെ പേരില്‍ സംസ്ഥാനത്തെ നശിപ്പിച്ചു. ഇനി ഇവിടെ ബന്ദ് നടക്കില്ല. മമതാ ബാനര്‍ജി പറഞ്ഞു.

പണിമുടക്ക് നടക്കുന്ന രണ്ട് ദിവസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അവധികള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമുണ്ട്. ഇക്കാര്യം അറിയിച്ച് കഴിഞ്ഞയാഴ്ച്ച തന്നെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പണിമുടക്ക് പ്രമാണിച്ച് അഞ്ഞൂറോളം ബസ്സുകള്‍ കൂടുതലായി നിരത്തുകളിലിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ജനജീവിതത്തെ ദുസ്സഹമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ആരുടെയങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വഴിതടയാനോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ ആരെയും അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.

Top