ലോകസഭ തെരഞ്ഞെടുപ്പ്; കേന്ദ്രം ആര് ഭരിക്കണം എന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കും: മമത

mamatha

കോല്‍ക്കത്ത: ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്രം ആര് ഭരിക്കണമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 125 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും മമത പ്രവചിച്ചു. കോണ്‍ഗ്രസ് ആയിരിക്കില്ല, രാജ്യം ആര് ഭരിക്കണമെന്ന് പ്രാദേശിക പാര്‍ട്ടികളായിരിക്കും ഇത്തവണ തീരുമാനിക്കുക- മമത പറഞ്ഞു. കോല്‍ക്കത്തയില്‍ മഹാറാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ശനിയാഴ്ച കോല്‍ക്കത്തയില്‍ നടക്കുന്നത് ബിജെപിയെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസമ്മേളനമാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക്, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവര്‍ റാലിയില്‍ പങ്കെടുക്കുന്നില്ല. രാഹുല്‍ ഗാന്ധി എത്തില്ലെങ്കിലും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിക്കെത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ മഹാറാലിയില്‍ പങ്കെടുക്കും എന്നാണ് വിവരം.

Top