അടിമയായി ജീവിച്ച് മരിക്കലല്ല, ചാവേറായി ചാവുന്നതാണ് പാരമ്പര്യം; വീരപുരുഷനായി മമ്മൂട്ടി

കൂറ്റന്‍ സെറ്റുകളും പിടിച്ചിരുത്തുന്ന സംഘട്ടന രംഗങ്ങളും ആകാംഷയുടെ നിമിഷങ്ങളും കേള്‍വിയുടെ വസന്തം തീര്‍ക്കുന്ന സംഗീതവും മാമാങ്കം എന്ന ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റും 30 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസര്‍ ഇറങ്ങി ഏഴ് മണിക്കൂറിനുള്ളില്‍ 9 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഒരുപക്ഷേ മലയാള ചരിത്രത്തില്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ ഒരു ടീസര്‍ കണ്ടിരിക്കുന്നത് ഇത് ആദ്യമായിട്ടാകും. ടീസറില്‍ ഒരു മിനിറ്റ് പിന്നിടുമ്പോഴാണ് വീരപുരുഷന്റെ വേഷത്തിലും ഭാവപ്പകര്‍ച്ചകളിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിലെ യുദ്ധവീരന്മാരുടെ പോരാട്ട വീര്യം ലോകത്തിനു മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. എം.പദ്മകുമാര്‍ എന്ന സംവിധായകന്റെ കഴിവില്‍ വിരിഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. അതേസമയം മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കമെന്നും സംസാരമുണ്ട്.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായയില്‍ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികര്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തപൂരിതമായത്. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

മമ്മൂട്ടിയെക്കൂടാതെ ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ആദ്യം സംവിധായകനായി തീരുമാനിച്ച സഞ്ജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ സിനിമയുടെ സ്വഭാവവും കഥാപശ്ചാത്തലവും പ്രേക്ഷകരെ അമ്പരപ്പിക്കും വിധം വരച്ചു കാട്ടി. രണ്ടാമതായി പുറത്തിറങ്ങിയ പോസ്റ്ററും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രാജാ രവിവര്‍മ്മയുടെ എണ്ണച്ചായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയാണ് പോസ്റ്ററിന്റെ പ്രത്യേകതയായി ഉണ്ടായിരുന്നത്. ത്രസിപ്പിക്കുന്ന യുദ്ധരംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തില്‍ നിന്നും വളരെ വിഭിന്നമായിരുന്നു രണ്ടാമത്തെ പോസ്റ്റര്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു പോസ്റ്റര്‍ പുറത്തിറങ്ങുന്നത് ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും.

നെട്ടൂരില്‍ 18 ഏക്കര്‍ നീളുന്ന വമ്പന്‍ സെറ്റാണ് യുദ്ധ രംഗങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. 10 ടണ്‍ സ്റ്റീലും 2000 ക്യൂബിക് മീറ്റര്‍ തടിയും സെറ്റിനായി ഉപയോഗിച്ചിരുന്നു. ഇവ പഴയ മാമാങ്കം കാലഘട്ടത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നായിരിക്കും ഇത്. 350 കടകളുള്ള വ്യപാര കേന്ദ്രം, അവിടത്തെ സാധനങ്ങള്‍, മാമാങ്കത്തിലെ വേദിയായ നിലപാടു തറ, വലിയ ക്ഷേത്രം, ഭക്ഷണശാല… അങ്ങനെ തുടങ്ങി ഒരു മാമാങ്കവേദിയില്‍ കാണുന്ന തരത്തിലുള്ള എല്ലാം സെറ്റില്‍ ക്രമീകരിച്ചിരുന്നു.

കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായാണ് മാമാങ്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മിച്ചത്.

500 തൊഴിലാളികള്‍ രണ്ടര മാസം അധ്വാനിച്ചാണ് സെറ്റ് തയാറാക്കിയത്. ഇവരില്‍ 90 ശതമാനവും മലയാളികളാണ്. സെറ്റിന് ആവശ്യമായ സാമഗ്രകികള്‍ സംഭരിച്ചതു കേരളത്തില്‍ നിന്ന് തന്നെയാണ്. മരടിലെ 8 ഏക്കര്‍ സ്ഥലത്ത് മറ്റൊരു കൂറ്റന്‍ സെറ്റും ഈ ചിത്രത്തിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. ചിത്രത്തിലെ നിര്‍ണായ രംഗങ്ങളും, ഗാനങ്ങളും ഇവിടെ നിര്‍മ്മിച്ച വലിയ മാളികയിലാണ് ചിത്രീകരിച്ചത്. ഈ സെറ്റിന്റ്റെ നിര്‍മ്മാണച്ചെലവ് 5 കോടി രൂപയോളമാണ്. എന്തായാലും ടീസര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്.

Top