ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം ഇറങ്ങിയ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് പ്രചരിക്കുന്നത്.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ടൊറന്റില്‍ എത്തുകയായിരുന്നു. തമിഴ് റോക്കേഴ്സാണ് ചിത്രം പുറത്ത് വിട്ടതും പ്രചരിപ്പിക്കുന്നതും.

വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപൊലീസിന്റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചു.

രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനംചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്.

Top