മുംബൈയിലും ചരിത്രം സൃഷ്ടിക്കാന്‍ ‘മാമാങ്കം’; ആദ്യമായി മലയാള സിനിമയ്ക്ക് ഫാന്‍ ഷോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം മാമാങ്കത്തിന് മുംബൈയില്‍ ഫാന്‍ ഷോ സംഘടിപ്പിക്കുന്നു. മുംബൈയില്‍ ഒരു മലയാള സിനിമയുടെ ഫാന്‍ ഷോ സംഘടിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

നാളെ റിലീസിംഗ് ദിനത്തില്‍ വൈകീട്ട് 7 .30 ന് നവി മുംബൈയില്‍ വാഷിയിലെ രഘുലീലാ മാള്‍ ഇനോക്‌സ് തീയേറ്ററിലായിരിക്കും മാമാങ്കത്തിന്റെ ഫാന്‍ ഷോ പ്രദര്‍ശിപ്പിക്കുക. മുംബൈയിലെ ഇരുപതോളം കേന്ദ്രങ്ങളിലായാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

കേരളത്തിന്റെ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നും അന്യ ഭാഷക്കാരെയും ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കണമെന്നും നടനും സിനിമാ നിര്‍മ്മാതാവും കൂടിയായ മനോജ് പറഞ്ഞു. മാത്രമല്ല മാമാങ്കം മുംബൈയില്‍ ചരിത്രം കുറിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിത്രത്തിന്റെ വിജയാഘോഷം മുംബൈയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയില്‍ തിളങ്ങുന്ന മറ്റൊരു താരമാണ് യുവ താരം ഉണ്ണി മുകുന്ദന്‍. മലയാളം സിനിമ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയ ഉണ്ണി മാമാങ്ക വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. നിറഞ്ഞ ഹര്‍ഷാരവത്തോടെ ആയിരുന്നു കാണികള്‍ ഉണ്ണിയുടെ വാക്കുകള്‍ സ്വീകരിച്ചിരുന്നത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് ചിത്രത്തിന് എത്രമാത്രം സ്വീകാര്യത കിട്ടുമെന്നത്. മുംബൈ മലയാളിയായ സുദേവ് നായരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതും മുംബൈ പ്രേക്ഷകരെ സംബന്ധിച്ച് ആകാംഷ ഉളവാക്കുന്ന കാര്യമാണ്.

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Top