സൈബര്‍ കേസിലും പുതിയ വഴിത്തിരിവ് ! മാമാങ്കം എതിരാളികള്‍ വന്‍ കുരുക്കില്‍

രു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആ സിനിമ കണ്ടെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തുന്നത് ആരായാലും അത് ശരിയായ നിലപാടല്ല. കോടികള്‍ മുതല്‍ മുടക്കിലാണ് ഓരോ സിനിമയും പുറത്തിറങ്ങുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ശരിയായ അഭിപ്രായ പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. അതു പോലും പക്ഷാപാതമാകാറുണ്ട് എന്നതാണ് സമീപകാലത്തെ ചരിത്രം. സിനിമ എന്ന വലിയ മാധ്യമത്തിന്റെ നിലനില്‍പ്പിന് തന്നെ വലിയ വെല്ലുവിളികളാണ് ഇത്തരം കുപ്രചരണങ്ങള്‍.

കേരളത്തില്‍ ഇപ്പോള്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നത് മമ്മുട്ടിയുടെ മാമാങ്കം എന്ന സിനിമയാണ്.ഈ സിനിമ ആദ്യം സംവിധാനം ചെയ്ത സംവിധായകനെ മാറ്റിയതോടെയാണ് സിനിമക്കെതിരെ കടന്നാക്രമണം ഉണ്ടായതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം തന്റെ നിലപാട് വിശദീകരിക്കാന്‍ ഒഴിവാക്കപ്പെട്ട സംവിധായകനും അവകാശമുണ്ട്.

എന്നാല്‍ ഇവിടെ പൊലീസ് പരിശോധിക്കേണ്ടത് ഇവരുടെ ഈ പക മറ്റേതെങ്കിലും കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതാണ്. മലയാള സിനിമക്ക് വലിയ വിപണി സാധ്യത തുറന്നിടുന്ന മാമാങ്കം പരാജയപ്പെടേണ്ടത് ആരുടെ ആവശ്യമാണെന്നതാണ് കണ്ടെത്തേണ്ടിയിരിക്കുന്നത്. ഇക്കാര്യം വ്യാജ പ്രചരണം നടത്തിയവരുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ പൊലീസിനും ഇനി ബോധ്യപ്പെടും.

ഒരേ കേന്ദ്രത്തില്‍ നിന്നാണ് വ്യാജ പ്രചരണം നടക്കുന്നതെങ്കില്‍ അതൊരു സംഘടിത കുറ്റകൃത്യം തന്നെയാണ്. മാമാങ്കത്തിനെതിരായ വ്യാജ പ്രചരണത്തില്‍ ഏഴോളം ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഐ.പി.സി 500, സൈബര്‍ ആക്ടിലെ 66 D എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസിപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞാല്‍ 120 B ചേര്‍ക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചണത്തില്‍ പൊലിസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ചില അക്കൗണ്ടുകള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷം നിര്‍ജീവമായിട്ടുണ്ട്. എങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിയുമെന്നാണ് തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് പറയുന്നത്. സിനിമ രംഗത്തെ കുടിപ്പകകള്‍ മൂലം ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ മുന്‍പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നെ കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നില്ല.

എന്നാല്‍ 55 കോടി മുടക്കിയ മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായതിനാലാണ് ഇപ്പോള്‍ അന്വേഷണത്തിനും ചൂട് പിടിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ അഭിമാന ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ ആരാധകരും വ്യാജ പ്രചരണത്തില്‍ പ്രകോപിതരാണ്. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി പൊലീസിന് വിവരം നല്‍കാന്‍ മമ്മുട്ടി ആരാധകരും ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

സിനിമ പുറത്തിറങ്ങും മുന്‍പ് ആ സിനിമ കണ്ടെന്നും മോശമാണെന്നും പ്രചരണം നടത്തുന്നതിനെ ഗൗരവമായാണ് താര സംഘടനയും കാണുന്നത്. സോഷ്യല്‍ മീഡിയക്ക് പെരുമാറ്റ ചട്ടം ശക്തമാക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കുള്‍പ്പെടെ ഉള്ളത്. ഒരു പരസ്യം നല്‍കിയില്ലങ്കില്‍ പോലും തെറ്റായ റിവ്യൂ നടത്തുന്ന ഡിജിറ്റല്‍ മീഡിയകള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കളും ചൂണ്ടിക്കാട്ടുന്നത്. മാമാങ്കത്തിനെതിരായ ക്വട്ടേഷന് പിന്നില്‍ ചില ഡിജിറ്റല്‍ മീഡിയ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം അതുകൊണ്ട് തന്നെ ഗൗരവമുള്ളതാണ്.

ആരോപണ വിധേയനായ മുന്‍ സംവിധായകനില്‍ മാത്രമായി അന്വേഷണം കേന്ദ്രീകരിക്കില്ലന്നാണ് പൊലീസും നല്‍കുന്ന സൂചന. വ്യാജ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് സൈബര്‍ ക്വട്ടേഷന്‍ ടീമുകള്‍ക്കും വലിയ മുന്നറിയിപ്പായി മാറും.

ലോകമെമ്പാടും രണ്ടായിരത്തോളം തിയറ്ററുകളിലാണ് മാമാങ്കം ഡിസംബര്‍ 12ന് റിലീസ് ചെയ്യുന്നത്. മറ്റൊരു മലയാള സിനിമക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത റെക്കോര്‍ഡാണിത്. കേരളത്തില്‍ മാത്രം 350 തിയറ്ററുകളിലാണ് ഡിസംബര്‍ 12ന് മാമാങ്കം പ്രദര്‍ശനത്തിനെത്തുന്നത്.

ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മുട്ടിയുടെ കരിയറിലെ പ്രധാന സിനിമയാണിത്.

പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ഇതില്‍ മമ്മുട്ടിക്കൊപ്പം അസാധ്യമായ പ്രകടനമാണ് 13 വയസ്സുകാരനായ ഒരു ബാലന്‍ കാഴ്ചവച്ചിരിക്കുന്നത്.ചാവേര്‍ ചന്തുണ്ണി എന്ന ഇതിഹാസ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അച്യുതനാണ്.

16, 17 നൂറ്റാണ്ടുകളില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായയിലാണ് മാമാങ്ക മഹോത്സവം നടന്നിരുന്നത്. ഇതിന്റെ നേതൃപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു.

ഇതാടെയാണ് വൈദേശികര്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷിതമായിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകള്‍ നടത്തിയിരുന്നത്.

സാമൂതിരിയുടെ കൊട്ടാരത്തിലെത്താന്‍ പോലും പല ചാവേറുകള്‍ക്കും സാധിച്ചെങ്കിലും സാമൂതിരിയെ കീഴ്‌പ്പെടുത്തുക അസാധ്യമായിരുന്നു. ചോരയിലെഴുതിയ ഈ പകയുടെ കഥയാണ് മാമാങ്കത്തിലൂടെ എം.പത്മകുമാര്‍ പറയുന്നത്. കാവ്യ ഫിലിം കമ്പനിക്കു വേണ്ടി വേണു കുന്നപ്പിള്ളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥ എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ദംഗല്‍ ഉള്‍പ്പെടെ നിരവധി ബോളിവുഡ് സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ ശ്യാം കൗശലാണ് മാമാങ്കത്തിന് മാറ്റേകുന്ന മറ്റൊരു പ്രധാന ഘടകം.

Express View

Top