ദൃശ്യവിസ്മയമൊരുക്കി മാമാങ്കത്തിലെ ആദ്യ ഗാനം; വീഡിയോ

മ്മൂട്ടി- പദ്മകുമാര്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.

ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്‌ലാന്‍ എന്നിവരാണ് ഗാനരംഗത്തിലുള്ളത്. പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ മറ്റൊരു ചരിത്ര കഥാപാത്രമായെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് . കേരളത്തിലെ യുദ്ധവീരന്മാരുടെ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

വള്ളുവനാട്ടിലെ ഇതിഹാസമായ ചാവേറുകളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്‌ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.

പത്തു കോടി രൂപയിലേറെ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം.

Top