ഈ ‘മാമാങ്കത്തിൽ’ മമ്മൂട്ടി വിജയിച്ചാൽ മലയാള സിനിമയുടെ ‘തലവര’ തന്നെ മാറും

ബാഹുബലി എന്ന സിനിമ ഇന്ത്യന്‍ സിനിമാ മേഖലയില്‍ രചിച്ചത് പുതിയ ചരിത്രമാണ്. കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല, ആസ്വാദനത്തിന്റെ കാര്യത്തിലും ഭാഷകള്‍ക്കതീതമായി ബാഹുബലി നടത്തിയത് ചരിത്ര പടയോട്ടമായിരുന്നു.

രാജമൗലി എന്ന സംവിധായകനെയും പ്രഭാസ് എന്ന തെലുങ്ക് നടനെയും രാജ്യത്തെ തന്നെ സൂപ്പര്‍ താരങ്ങളാക്കിമാറ്റിയ സിനിമയാണ് ബാഹുബലി. ഈ സിനിമയുടെ രണ്ട് പാര്‍ട്ടുകള്‍ക്കും കേരളത്തില്‍ ലഭിച്ചതും വലിയ സ്വീകാര്യത തന്നെയാണ്.

ചരിത്ര സിനിമകളെ ഭാഷകള്‍ക്ക് അതീതമായി രണ്ടു കയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് രാജ്യത്തിനുള്ളത്. ഈ ആത്മവിശ്വാസം തന്നെയാണ് മാമാങ്കം എന്ന മമ്മുട്ടി സിനിമയുടെ പ്രതീക്ഷകള്‍ക്കും അടിസ്ഥാനം.

ലോകമെമ്പാടും 1000ത്തില്‍പരം തിയറ്ററുകളിലാണ് മാമാങ്കം റിലീസ് ചെയ്യാന്‍ പോകുന്നത്. മറ്റൊരു മലയാള സിനിമക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത റെക്കോര്‍ഡാണിത്. കേരളത്തില്‍ മാത്രം 350 തിയറ്ററുകളിലാണ് ഡിസംബര്‍ 12ന് മാമാങ്കം പ്രദര്‍ശനത്തിനെത്തുന്നത്.

ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മുട്ടിയുടെ കരിയറിലെ പ്രധാന സിനിമയായാണ് ഇനി ഈ സിനിമയും മാറാന്‍ പോകുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലാണ് മാമാങ്കം തയ്യാറാക്കിയിരിക്കുന്നത്. 55 കോടിയാണ് മുതല്‍മുടക്ക്. ഇതു വരെ ബിഗ് ബഡ്ജറ്റായി പുറത്തിറങ്ങിയ പഴശ്ശിരാജ, പുലിമുരുകന്‍, മധുര രാജ, ലൂസിഫര്‍ സിനിമകളുടെ റെക്കോര്‍ഡ് റിലീസിന് മുന്‍പ് തന്നെ മാമാങ്കം തകര്‍ത്തു കഴിഞ്ഞു.

കളക്ഷന്റെ കാര്യത്തില്‍ മലയാള സിനിമ പുതിയ ചരിത്രമെഴുതുമോ എന്നതാണ് ഇന്ത്യന്‍ സിനിമാ ലോകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ഇതില്‍ മമ്മുട്ടിക്കൊപ്പം അസാധ്യമായ പ്രകടനമാണ് 13 വയസ്സുകാരനായ ഒരു ബാലന്‍ കാഴ്ചവച്ചിരിക്കുന്നത്.

ചാവേര്‍ ചന്തുണ്ണി എന്ന ഇതിഹാസ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അച്യുതനാണ്.

ആറാം വയസ്സു മുതല്‍ കളരി അഭ്യാസം പഠിക്കുന്ന അച്യുതന്‍ കിടിലന്‍ പ്രകടനമാണ് മാമാങ്കത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി ഈ കുട്ടിമാറുമെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കുപോലും ഒരു സംശയവുമില്ല. ഷൂട്ടിങ് സമയത്ത് സംവിധായകനെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് അച്യുതന്‍ കാഴ്ചവച്ചിരുന്നത്. പുറത്തിറങ്ങിയ ട്രയിലറിലും ഈ മിടുക്കന്റെ കഴിവ് വ്യക്തമാണ്.

16, 17 നൂറ്റാണ്ടുകളില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായയിലാണ് മാമാങ്ക മഹോത്സവം നടന്നിരുന്നത്. ഇതിന്റെ നേതൃപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു.

ഇതാടെയാണ് വൈദേശികര്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷിതമായിരുന്നത്.

പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകള്‍ നടത്തിയിരുന്നത്.

സാമൂതിരിയുടെ കൊട്ടാരത്തിലെത്താന്‍ പോലും പല ചാവേറുകള്‍ക്കും സാധിച്ചെങ്കിലും സാമൂതിരിയെ കീഴ്പ്പെടുത്തുക അസാധ്യമായിരുന്നു. ചോരയിലെഴുതിയ ഈ പകയുടെ കഥയാണ് മാമാങ്കത്തിലൂടെ എം.പത്മകുമാര്‍ പറയുന്നത്. കാവ്യ ഫിലിം കമ്പനിക്കു വേണ്ടി വേണു കുന്നപ്പിള്ളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥ എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ദംഗല്‍ ഉള്‍പ്പെടെ നിരവധി ബോളിവുഡ് സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ ശ്യാം കൗശലാണ് മാമാങ്കത്തിന് മാറ്റേകുന്ന മറ്റൊരു പ്രധാന ഘടകം.

മുമ്പ് ചന്തുവിനെയും വീര പഴശ്ശിയെയും അനശ്വരമാക്കിയ മമ്മുട്ടി, 13 വയസ്സുകാരനുമൊത്താണ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.

വലിയ വിപണി സാധ്യത മാമാങ്കത്തിന് തുറക്കാനായാല്‍ മലയാള സിനിമയുടെ മുഖഛായ തന്നെയാണ് അതോടെ മാറുക. മലയാളത്തില്‍ മുതല്‍ മുടക്കാതെ മാറി നില്‍ക്കുന്ന വന്‍കിട സിനിമാ കമ്പനികള്‍ക്കും മാമാങ്കം ഇനി നിര്‍ണ്ണായകമാവും.

Top