മല്ല്യയുടെ വിദേശയാത്ര നിരോധനത്തില്‍ ഇളവുനല്‍കിയതാര്? സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: വിജയ് മല്ല്യ വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു എന്ന വിവാദ പ്രസ്ഥാവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വിജയ് മല്ല്യയ്ക്ക്‌ സിബിഐ നല്‍കിയിരുന്ന ലുക്ക് ഔട്ട് നോട്ടീസില്‍ വിദേശയാത്രക്കുള്ള വിലക്ക് മാറ്റി യാത്ര റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാക്കി കൊടുത്തത് ധനകാര്യ മന്ത്രാലയത്തിലെ ഒരാളുടെ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. 2015, ഒക്ടോബര്‍ 24നാണ് ഇത് നടന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിജയ്മല്യ രാജ്യം വിടുമ്പോള്‍ അരുണ്‍ജെയ്റ്റ്‌ലിയാണ് ധനകാര്യവകുപ്പ് മന്ത്രി.

മല്യ നാടു വിടുമ്പോള്‍ രാജ്യസഭാ എംപിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. 2016 മാര്‍ച്ച് രണ്ടിന് ഡല്‍ഹി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍ നിന്ന് മാറിയിരുന്നു. പകരം ആ സ്ഥാനത്ത് വിവരം അറിയിക്കുക (റിപ്പോര്‍ട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് എങ്ങിനെ സംഭവിച്ചു എന്ന് ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. വിശ്വാസ്യതയുള്ള ആളുകളില്‍ നിന്നാണ് താന്‍ ഈ വിവരങ്ങള്‍ മനസ്സിലാക്കിയതെന്നും സുബ്രഹ്മണ്യസ്വാമി ഇതിനു മുന്‍പും പറഞ്ഞിരുന്നു.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് മല്ല്യ വെളിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താന്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ അറിയിച്ചു.

എന്നാല്‍ മല്യക്ക് കൂടികാഴ്ചക്ക് സമയം നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്ലി പ്രതികരിച്ചു.

പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഉടമയായ മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. തന്റെ കാര്യത്തില്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.

വിജയ്മല്യ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Top