Mallya’s money laundering case: ED to attach fresh assets

ന്യൂഡല്‍ഹി: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങി.

ഇത്തവണ കണ്ടു കെട്ടുന്ന സ്വത്തുക്കളില്‍ വിദേശത്തെ കടല്‍ത്തീരങ്ങളിലെ സ്വത്തുകളും ഉള്‍പ്പെടും. നേരത്തെ 8041 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. മല്യയുടെ ഓഹരി നിക്ഷേപവും ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള സ്വത്തുക്കള്‍ കണ്ട് കെട്ടുന്നതിനുള്ള ഉത്തരവും ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നായി 9000 കോടി രൂപയാണ് മല്യ വായ്പ എടുത്തത്. ബാങ്കുകള്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മല്യയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരിയില്‍ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ നിന്ന് സ്വീകരിച്ച 40 മില്യണ്‍ ഡോളറിന്റേതുള്‍പ്പെടെ, മല്യ തന്റെ മുഴുവന്‍ സ്വത്തുവിവരക്കണക്കും കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബാങ്കുകളുടെ സംഘടന നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

തുക തിരിച്ചടയ്ക്കാതെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ട ഇപ്പോള്‍ ലണ്ടനില്‍ കഴിയുകയാണ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

എന്നാല്‍, പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ കഴിയാത്തതെന്നാണ് മല്യ പറയുന്നത്.

Top