മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ഡല്‍ഹി: കോൺഗ്രസിന് ഇത് പുതുയുഗം. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സോണിയക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, പി.സി.സി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കന്മാർ അടക്കമുള്ളവർ പങ്കെടുത്തു. ചടങ്ങ് പുരോഗമിക്കുകയാണ്.

ഒരു സാധാരണ പ്രവർത്തകനെ കർഷകന്റെ മകനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് നന്ദിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ തന്റെ പരമാവധി കഴിവ് ഉപയോഗിച്ച് മുന്നോട്ട് നയിക്കുമെന്ന് കോൺഗ്രസിന്റെ മുൻകാല അധ്യക്ഷന്മാരെ സാക്ഷി നിർത്തി വാക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബേദ്ക്കറിന്റെ ഭരണഘടനയ്ക്കായി പോരാടണം. സാധ്യമായതെല്ലാം ചെയ്യും. എല്ലാവരും ഒപ്പമുണ്ടാകണം. വിദ്വേഷത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും രാജ്യത്തെ ഭരണം അവസാനിപ്പിക്കും. സോണിയാ ഗാന്ധി സത്യത്തിന്റെ വഴിയെ സഞ്ചരിച്ചു. അധികാര രാഷ്ട്രീയത്തിന് വഴങ്ങിയിട്ടില്ല. വരൂ, ഒന്നിച്ച് നടക്കാമെന്ന് ഖാര്‍ഗെ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രാഹുൽ ഗാന്ധി ജനങ്ങളുമായി ആശയവിനിമയം നടത്തുകയാണ്. യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന ചിന്തൻ ശിബിർ പ്രഖ്യാപനം ഖാര്‍ഗെ പ്രസംഗത്തിനിടയില്‍ ആവര്‍ത്തിച്ചു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടും. താൻ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച് വന്ന ആളാണ്. ഭാവിയിൽ ഉണ്ടാകുന്ന വെല്ലുവിളികളും ഒന്നിച്ച് നേരിടുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതിപക്ഷ മുക്തമെന്നത് ആർ.എസ്.എസ് ലക്ഷ്യമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

24 വർഷത്തിന് ശേഷം നെഹ്‍റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ. ദലിത് വിഭാഗത്തിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാർഗെയ്ക്കുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകളിൽ ഉച്ചയ്ക്ക് ശേഷം ഖാർഗെ പങ്കെടുക്കും. ഹിമാചൽ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാർഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവർത്തക സമിതി പുനഃസംഘടന, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്.

Top