മധ്യപ്രദേശില്‍ ഇത്തവണ രാജ്യദ്രോഹികള്‍ക്ക് തക്കമറുപടി ജനം നല്‍കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഇത്തവണ പിന്‍വാതിലിലൂടെ ജനാധിപത്യവിരുദ്ധമായി ബി.ജെ.പി.യെ അധികാരത്തിലേറാന്‍ പൊതുജനം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കഴിഞ്ഞ 18 വര്‍ഷത്തെ ബി.ജെ.പി.യുടെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും അഴിമതിനിറഞ്ഞ ഭരണത്തിനും പൂര്‍ണമായ അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.സി. ഓഫീസില്‍ മധ്യപ്രദേശിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കുശേഷം പ്രസ്താവനയിലായിരുന്നു പ്രതികരണം.

മധ്യപ്രദേശില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീതി ലഭിക്കും. ഇത്തവണ രാജ്യദ്രോഹികള്‍ക്ക് തക്കമറുപടി ജനം നല്‍കും. കോണ്‍ഗ്രസ് പൂര്‍ണ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top