ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ക്ഷണം വീണ്ടും നിരസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ക്ഷണം വീണ്ടും നിരസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്ക്കെത്താന്‍ കഴിയില്ലെന്നാണ് ഖാര്‍ഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയര്‍മാന്‍. പാര്‍ലമെന്ററി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകള്‍ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പീക്കര്‍ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിര്‍ത്തുന്നതിനും പാര്‍ലമെന്ററി പ്രത്യേകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കര്‍ മുന്‍ഗണന കൊടുക്കണമെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു.

സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. ഈ സഭാ കാലയളവില്‍ സഭ തടസപ്പെടുത്തിയതില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാന്‍ താനില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ധന്‍ഖര്‍ പറഞ്ഞു. തുടര്‍ന്നാണ് ഡിസംബര്‍ 25ന് കൂടിക്കാഴ്ച നടത്താമെന്ന് കാട്ടി ധന്‍കര്‍ ഖാര്‍ഗെയെ ക്ഷണിച്ചത്.

ഖാര്‍ഗെയുടെ നിലപാടിന് വിരുദ്ധമായി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭാ നടുത്തളത്തില്‍ പ്രവേശിച്ചും സഭയില്‍ നടത്തിയ ബോധപൂര്‍വമായ ക്രമക്കേടാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് കാരണമെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവത്തെ ന്യായീകരിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഉപരാഷ്ട്രപതി ചെയ്യുന്നതെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. 146 പ്രതിപക്ഷ അംഗങ്ങളെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Top