‘മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം’; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് അടുത്ത മൂന്ന് മാസത്തേക്ക് പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഖാര്‍ഗെ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നിലെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ‘രാവും പകലും അധ്വാനിച്ചാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും’, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന പ്രത്യേക നേതൃയോഗത്തില്‍ ഖാര്‍ഗെ പറഞ്ഞു. അടുത്ത മൂന്ന് മാസക്കാലം വളരെ പ്രധാനപ്പെട്ടതാണെന്നും നേതാക്കള്‍ തങ്ങളുടെ സമയം പൂര്‍ണ്ണമായും പാര്‍ട്ടിക്കായി സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പരാജയങ്ങള്‍ മറച്ചുവെക്കാന്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ വൈകാരികമായ വിഷയങ്ങളാണ് ഉയര്‍ത്തുന്നത്. എല്ലാ വിഷയത്തിലും കോണ്‍ഗ്രസിനെ ബോധപൂര്‍വം വലിച്ചിഴക്കാനാണ് അവരുടെ ശ്രമം. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ സംഭാവനകളെ അവഗണിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Top