ബി.ജെ.പി മണിപ്പുരിനെ കലാപഭൂമിയാക്കി; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ ഉന്നയിച്ചു. സംസ്ഥാനത്തെ ബി.ജെ.പി. കലാപ ഭൂമിയാക്കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം കലാപകാരികള്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

147 ദിവസമായി മണിപ്പുര്‍ ജനത അനുഭവിക്കുകയാണ്, എന്നാല്‍ പ്രധാനമന്ത്രി മോദിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയമില്ല. ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഇരയാക്കപ്പെടുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ രാജ്യത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുന്നുവെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചു.

ജൂലായ് ആറിന് കാണാതായ രണ്ടുവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും ആര്‍.എ.എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഇംഫാലിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നതായി വിവരമുണ്ട്.

Top