മലിംഗ ജൂനിയർ; ലങ്കൻ പ്രതീക്ഷയായി മതീഷ പതിരാന എന്ന ഇരുപതുകാരൻ

സുവർണകാലത്തിന്റെ നിഴൽ മാത്രമായി ഒതുങ്ങിയപ്പോയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ഒരു പിടിവള്ളി ഇട്ടുകൊടുത്താണ് ഇത്തവണത്തെ ഐപിഎൽ അവസാനിച്ചത്. അന്യംനിന്നുപോയ അവരുടെ ബോളിങ് കരുത്ത് വീണ്ടെടുക്കാൻ സാക്ഷാ‍ൽ എം.എസ്.ധോണിയുടെ ആലയിൽ അടിച്ചു പതംവരുത്തി മിനുക്കിയെടുത്ത ഒരു ആയുധം അവർക്കു കിട്ടി; മതീഷ പതിരാന എന്ന ഇരുപതുകാരൻ!

ലസിത് മലിംഗയുടെ ബോളിങ് ആക്‌ഷനോട് സാമ്യമുള്ള ‘ഏറുമായി’ ലങ്കൻ അണ്ടർ 19 ടീമിൽ ശ്രദ്ധപിടിച്ചുപറ്റിയ പതിരാന, പിന്നീട് നേരേ പോയത് വിവിധ ട്വന്റി20 ലീഗുകളിൽ കളിക്കാനാണ്. അവിടെനിന്നാണ് കഴിഞ്ഞവർഷം, പരുക്കേറ്റ ന്യൂസീലൻഡ് ബോളർ ആദം മിൽനെയ്ക്കു പകരം പതിരാന ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തുന്നത്. ഒരു ട്വന്റി20 ലീഗിൽ പതിരാനയുടെ പ്രകടനം കണ്ട് ആകൃഷ്ടനായ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ആവശ്യപ്രകാരമായിരുന്നു പതിരാനയെ ടീം മാനേജ്മെന്റ് ക്യാംപിൽ എത്തിച്ചത്. അരങ്ങേറ്റ സീസണിൽ കാര്യമായ പ്രകടനം നടത്തിയില്ലെങ്കിലും ഈ സീസണിൽ ചെന്നൈ ബോളിങ്ങിന്റെ കുന്തമുനയായി പതിരാന മാറി. 12 മത്സരങ്ങളിൽ നിന്നായി 19.53 ശരാശരിയിൽ 19 വിക്കറ്റാണ് ഇത്തവണ പതിരാന നേടിയത്. ഐപിഎലിലെ പ്രകടനത്തോടെ ഇന്നലെ ആരംഭിച്ച അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിലും പതിരാന ഇടംപിടിച്ചു. ആദ്യ മത്സത്തിൽ പതിരാന നേടിയത് ഒരു വിക്കറ്റ് (8.5 ഓവറിൽ 66 റൺസ് വഴങ്ങി ഒരു വിക്കറ്റ്). വരാനിരിക്കുന്ന ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലേക്കു പതിരാനയുടെ സിലക്‌ഷൻ ട്രയൽസ് ആയിരിക്കും ഈ പരമ്പര.

ശ്രീലങ്കൻ ജഴ്സിയിൽ ഏറെക്കാലം 99–ാം നമ്പർ അലങ്കരിച്ച താരമാണ് ലസിത് മലിംഗ. ജൂനിയർ മലിംഗ എന്ന വിശേഷണത്തോടെ ലങ്കൻ സീനിയർ ടീമിലേക്കെത്തുന്ന പതിരാനയും അണ്ടർ 19 ടീമിൽ 99–ാം നമ്പർ ജഴ്സിയായിരുന്നു അണിഞ്ഞത്. കരിയറിൽ 226 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള മലിംഗ, 30 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുള്ളൂ. തന്റെ ജോലിഭാരം കുറയ്ക്കാനായി 2011ൽ മലിംഗ ടെസ്റ്റിൽനിന്നു വിരമിച്ചിരുന്നു.

പതിരാനയെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റിനിർത്തണമെന്നും വൈറ്റ് ബോൾ ക്രിക്കറ്റ് സ്പെഷലിസ്റ്റായി വളർത്തിക്കൊണ്ടുവരണമെന്നും എം.എസ്.ധോണി അഭിപ്രായപ്പെട്ടിരുന്നു. സമാന രീതിയിലാണ് ലങ്കൻ ക്രിക്കറ്റ് ബോർഡും മുന്നോട്ടുനീങ്ങുന്നത്.

ലങ്കൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി പതിരാനയെ ആഘോഷിക്കുമ്പോഴും ബോളിങ് ആക്‌ഷന്റെ പേരിലുള്ള വിവാദങ്ങൾ കരിയറിന്റെ തുടക്കം മുതൽ പതിരാനയുടെ പിന്നാലെയുണ്ട്. റൗണ്ട് ആം ആക്‌ഷനിൽ പന്തെറിയുന്ന പതിരാനയുടെ റിലീസിങ് പോയിന്റ് (പന്ത് കയ്യിൽ നിന്നു വിടുന്ന ഭാഗം) തോളിനു (ഷോൾഡർ ലെവൽ) താഴെയാണെന്നാണ് പ്രധാന ആക്ഷേപം. ക്രിക്കറ്റ് നിയമപ്രകാരം ബോളറുടെ റിലീസ് പോയിന്റ് ഷോൾഡർ ലെവലിനു മുകളിലായിരിക്കണം. ഷോൾഡർ ലെവലിനു താഴെപ്പോയാൽ അത് അണ്ടർ ആം ത്രോ ആയി കണക്കാക്കി ഡെഡ് ബോൾ വിളിക്കാൻ അംപയർക്ക് അധികാരമുണ്ട്. പതിരാനയുടെ ആക്‌ഷനു മലിംഗയുടേതിനോട് സാമ്യമുണ്ടെങ്കിലും ഡെലിവറി പോയിന്റിൽ തന്റെ ശരീരം പരമാവധി വളച്ച് ഷോൾഡർ ലെവലിനു മുകളിലായാണ് മലിംഗ പന്തെറിയുന്നത്. പതിയെയുള്ള റണ്ണപ്പാണ് ഇതിനായി മലിംഗയെ സഹായിക്കുന്നത്. എന്നാൽ പതിരാനയുടെ റണ്ണപ്പിന് വേഗം കൂടുതലായതിനാൽ ഇതു സാധിക്കില്ല. ആക്‌ഷനിലെ ഈ വിവാദം മറികടക്കാൻ സാധിച്ചാൽ മലിംഗയുടെ മറ്റൊരു അവതാരം ആയി മാറാൻ മതീഷ പതിരാനയ്ക്കു സാധിക്കും.

Top