മാലിക് ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്ക് റിലീസിന്. ജൂലൈ 15 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.

തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

 

Top