ക്വാറന്റൈന്‍ നിയമം; മാലിദ്വീപില്‍ കുടുങ്ങി സൗദി പ്രവാസികള്‍

റിയാദ്:   മാലിദ്വീപില്‍ കുടുങ്ങി മലയാളികള്‍ ഉള്‍പ്പെടെ നിരവധി സൗദി പ്രവാസികള്‍. മാലിദ്വീപിലെ വിചിത്രമായ ക്വാറന്റൈന്‍  നിയമം മൂലമാണ് യാത്രക്കാർ മാലിയിലെ റിസോർട്ടിൽ കുടുങ്ങി പോയത്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് നിന്ന് സൗദിയിലെത്താനുള്ള പാക്കേജിന്റെ ഭാഗമായി മാലിദ്വീപിലെത്തിയവരാണ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും സൗദിയിലേക്ക് യാത്ര ചെയ്യാനാവാതെ കുടുങ്ങിയത്.

14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വാസത്തിന് ശേഷം പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയിട്ടും മാലിയില്‍ നിന്ന് യാത്ര പുറപ്പെടാന്‍ റിസോര്‍ട്ട് അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തി നെഗറ്റീവായാല്‍ പോരാ, അയാള്‍ താമസിക്കുന്ന ഹോട്ടലിലെ മുഴുവന്‍ ആളുകളും നെഗറ്റീവായാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നാണ് ഉടമകളുടെ വാദം.

യുക്തിരഹിതവും അസാധാരണവുമായ ഈ വ്യവസ്ഥ മാലിദ്വീപ് സര്‍ക്കാരിന്റേതാണോ അതോ പ്രവാസികളില്‍ നിന്ന് പണം ഈടാക്കാനുള്ള റിസോര്‍ട്ട് ഉടമകളുടെ തട്ടിപ്പാണോ എന്ന കാര്യം വ്യക്തമല്ല. ഏതായാലും ഹോട്ടല്‍ അധികൃതരുടെ ഈ പിടിവാശി കാരണം പലര്‍ക്കും സൗദിയിലെ ജോലി തന്നെ നഷ്ടമാവുന്ന സ്ഥിതിയാണ്. അധിക താമസത്തിനുള്ള ചെലവ് താങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവരില്‍ പലരും.

Top