മാലി ദ്വീപില്‍ സൈനിക നടപടിക്കൊരുങ്ങി ഇന്ത്യന്‍ സേന . . ആശങ്കയോടെ ചൈന

malideeves

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലിദ്വീപില്‍ സൈനിക നടപടിക്കൊരുങ്ങി ഇന്ത്യ. ചൈനയുമായി ഏറെ അടുപ്പമുള്ള നിലവിലെ ഭരണകൂടത്തെ സൈനിക നടപടിയിലൂടെ തുരത്തി ഇന്ത്യയുമായി അടുപ്പമുള്ള മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അവരോധിക്കാനാണ് നീക്കം.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ നിലവിലെ അബ്ദുള്ള യമീന്‍ ഭരണകൂടം തടങ്കലിലാക്കിയിരന്നു.അടുത്തയിടെ മോചിപ്പിക്കപ്പെട്ട മുഹമ്മദ് നഷീദിപ്പോള്‍ ശ്രീലങ്കയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്. ഇന്ത്യ സൈനീകമായി ഇടപെടണമെന്ന് നഷീദും ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീലങ്കയില്‍ തന്ത്രപ്രധാനമായ തുറമുഖം സ്വന്തമാക്കിയ ചൈന മാലിദ്വീപിനെയും കൂടെ നിര്‍ത്താന്‍ നിരവധി പദ്ധതികള്‍ ആ രാജ്യത്ത് നടപ്പാക്കി വരികെയാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍. സുപ്രീം കോടതി ജഡ്ജിമാരെയടക്കം തടങ്കലിലാക്കിയ മാലിദ്വീപ് ഭരണകൂടത്തിന്റെ നടപടി ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

navy

ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളോട് തയ്യാറായി നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കര-നാവിക-വ്യോമ സേനാ വിഭാഗങ്ങള്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

സൈന്യത്തെ സംബന്ധിച്ച് മിനുട്ടുകള്‍ക്കും ഇടപെടാന്‍ കഴിയുന്ന രാജ്യമാണ് കടലിനാല്‍ ചുറ്റപ്പെട്ട ഈ രാജ്യമെന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയെ വളയുക എന്ന ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലിദ്വീപിലും ശ്രീലങ്കയിലും ചൈന സ്വാധീനം വര്‍ദ്ധിപ്പിച്ചത്.

maldives12

ദക്ഷിണമേഖലാ നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയില്‍ നിന്നാകും പ്രധാനമായും ഇന്ത്യയുടെ സൈനിക നടപടിക്ക് നിര്‍ണ്ണായക നീക്കം നടക്കുക. കൊച്ചിയുടെ വളരെ അടുത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ മാലിദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെ രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനിക താവളമായ ഡിയാഗോ ഗാര്‍ഷിയക്ക് തൊട്ടടുത്താണ് മാലിദ്വീപ്.

റിപ്പോര്‍ട്ട്: ടി. അരുണ്‍ കുമാര്‍

Top