കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് ബാധകയറി; മന്ത്രവാദിയുടെ അടുത്ത് എത്തിച്ച 2 കുട്ടികള്‍ മരിച്ചു

മാല്‍ഡ: കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് ബാധകയറിയെന്ന് ഭയപ്പെട്ട് മന്ത്രവാദിയുടെ അടുത്ത് എത്തിച്ച രണ്ട് കുട്ടികള്‍ മരിച്ചു. വെസ്റ്റ് ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് ദാരുണ സംഭവം. മുഹമ്മദ് ഫിറോസ് , സയ്ഫുള്‍, കോഹിനൂര്‍ , ഷാബ്‌നൂര്‍ എന്നീ കുട്ടികളാണ് മരിച്ചത്.

അസ്വസ്ഥത തോന്നിയ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് തലവേദനയും തലകറക്കവും അനുഭവപ്പെടുന്നത്. തുടര്‍ന്ന് അവര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളില്‍ ഏതോ ബാധകയറിയതാണെന്ന് ഭയപ്പെട്ട രക്ഷിതാക്കള്‍ പ്രദേശത്തെ ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു.മന്ത്രവാദി കുറച്ചു മന്ത്രങ്ങളും ഉച്ചരിച്ചു.

ഇതിനിടെ കുട്ടികളുടെ അവസ്ഥ മോശമായി. ഇതിനിടെ മറ്റൊരു ഗ്രാമീണന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടികളെ മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ 8.30 ഓടെ മുഹമ്മദ് ഫിറോസ് എന്ന കുട്ടി മരിക്കുകയായിരുന്നു. പിന്നീട് ശനിയാഴ്ച പുലര്‍ച്ചെ സയ്ഫുള്‍ എന്ന കുട്ടിയും മരിച്ചു.

അതേസമയം മറ്റ് കുട്ടികളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കളിക്കുന്നതിനിടെ കിട്ടിയ വിഷാംശമുള്ള വസ്തു കുട്ടികള്‍ കഴിച്ചതായിരിക്കാം മരണ കാരണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രൊഫ. അമിത് ഡാന്‍ അറിയിച്ചു.

Top