malaysia prime minister warns north koria

ക്വാലലംപൂര്‍ : മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് തടഞ്ഞ ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്.
മലേഷ്യയോട് കളിക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി കുടുങ്ങിപ്പോയ മലേഷ്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇവരെ വിട്ടുകിട്ടാന്‍ നേരിട്ടുള്ള സന്ധി സംഭാഷണങ്ങള്‍ക്ക് ഒരുങ്ങുകയാണിപ്പോള്‍ മലേഷ്യ.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം മലേഷ്യയില്‍വെച്ച് കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്. മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് ഉത്തര കൊറിയ വിലക്കിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.

രാജ്യത്തോട് ബഹുമാനം കാത്തുസൂക്ഷിക്കാനും തടഞ്ഞുവെച്ച ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നജീബ് റസാഖ് ആവശ്യപ്പെട്ടു. രാജ്യത്തെ ബഹുമാനിക്കുകയും പൗരന്‍മാരോട് സൗഹൃദത്തോടെ ഇടപെടുകയും ചെയ്താല്‍ തിരിച്ചും അതേ ബഹുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും സൗഹൃദത്തോടെ തുടര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ ഒട്ടും വൈകാതെ പരിഹരിക്കപ്പെടുമെന്ന് ഉപപ്രധാനമന്ത്രി അഹമ്മദ് സഹിദ് ഹമീദി പറഞ്ഞു. മലേഷ്യയില്‍ ഇപ്പോഴുള്ള ഉത്തര കൊറിയക്കാര്‍ക്കെതിരെ നടപടി ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയ തടഞ്ഞുവെച്ച ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു തരുന്നതുവരെ മലേഷ്യയിലുള്ള ഉത്തര കൊറിയക്കാരോട് രാജ്യം വിടരുതെന്ന് മലേഷ്യന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
മലേഷ്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബവുമായി വിദേശകാര്യമന്ത്രി അനിഫാ അമന്‍ സംസാരിച്ചിരുന്നു.

Top