malaysia prepares to deport n korean linked to kim jong nam murder

ക്വാലലംപുര്‍: ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന റി ജോങ് ചോള്‍ എന്ന ഉത്തരകൊറിയക്കാരനെ മലേഷ്യ വിട്ടയച്ചു.

ഇയാളെ ഉത്തരകൊറിയയിലേക്ക് തിരികെ അയക്കുമെന്നു മലേഷ്യന്‍ പൊലീസ് പറഞ്ഞു.ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇയാളെ വിട്ടയക്കുന്നതെന്ന് മലേഷ്യന്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

എന്നാല്‍ കിം ജോങ് നാമിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരു ഉത്തര കൊറിയക്കാരനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്.

കഴിഞ്ഞ 13നു ക്വാലലംപുര്‍ വിമാനത്താവളത്തില്‍ ‘വിഎക്‌സ്’ എന്ന രാസവസ്തു മുഖത്തു തേച്ചാണ് നാമിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഇന്തൊനീഷ്യക്കാരിയായ സിതി ഐഷ (25), വിയറ്റ്‌നാമില്‍നിന്നുള്ള ഡോവന്‍ തി ഹ്യോങ്(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലോകമെമ്പാടും നിരോധിച്ചിട്ടുള്ള ‘വിഎക്‌സ്’ ഉപയോഗിച്ചുള്ള ആക്രമണത്തിനു പിന്നില്‍, ഉത്തര കൊറിയ ആണെന്ന ആരോപണമുയര്‍ന്നിരുന്നു.

സംഭവത്തിനു പിന്നാലെ, ഉത്തരകൊറിയയും മലേഷ്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Top