പറന്നുയരാൻ മലയാളിയുടെ വിമാനം; മനോജ് ചാക്കോയുടെ ഫ്ലൈ 91-ന് സർവിസ് നടത്താൻ അനുമതി

ലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 വിമാനക്കമ്പനിക്ക് സര്‍വിസ് നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈയാഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഗോവ, ബെംഗളൂരു, ഹൈദരബാദ്, അഗത്തി, പൂനെ, ജൽഗാവ്, എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. തുടക്കസമയത്ത് ഗോവ-അഗത്തി, ബെംഗളൂരു-അഗത്തി റൂട്ടുകളിൽ ആഴ്ചയില്‍ രണ്ടോ മൂന്നോ സര്‍വിസുകളാകും നടത്തുക.

ജൂണ്‍ ആദ്യത്തോടെ, ദിവസവും സര്‍വിസ് നടത്താനുള്ള സംവിധാനത്തിലേക്ക് ഫ്ലൈ 91 എത്തുമെന്ന് മനോജ് ചാക്കോ വ്യക്തമാക്കി. എമിറേറ്റ്‌സ്, അമേരിക്കന്‍ എക്‌സ്പ്രസ്, കിങ്ഫിഷര്‍ തുടങ്ങിയ കമ്പനികളുടെ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ച് അനുഭവപരിചയമുള്ളയാളാണ് മനോജ്.

200 കോടി മുതല്‍മുടക്കില്‍ ഗോവ കേന്ദ്രീകരിച്ചാണ് ഫ്ലൈ 91 ആരംഭിച്ചത്. ഗോവ-അഗത്തി സര്‍വീസ് നടത്തുന്നതിലെ അനന്ത സാധ്യതകള്‍ ലക്ഷ്യമാക്കിയാണ് ഫ്ലൈ 91-ന്റെ വരവ്.

വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് ഗോവയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്. ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഇവിടെനിന്ന് വിമാന സര്‍വിസ് ആരംഭിക്കുന്നത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്പനിയുടെ വിലയിരുത്തൽ.

Top