MALAYALI young man – killed – cyanide- and his wife-boyfriend arrested

arrest

മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ എപ്പിംഗില്‍ മരിച്ച പുനലൂര്‍ സ്വദേശിയും യു.എ.ഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരുമായിരുന്ന സാം മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്.

സാമിന്റെ ഭാര്യ സോഫിയും കാമുകന്‍ അരുണും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയാണ് സാമിനെ കൊന്നതെന്നും പൊലീസ് വ്യക്തമാക്കി.

സോഫിയേയും അരുണ്‍ കമലാസനേയും പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

രണ്ടു വര്‍ഷം മുമ്പാണ് സാം, സോഫിക്കും നാലു വയസുള്ള കുട്ടിക്കുമൊപ്പം ആസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സാം മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സോഫി സാമിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

എന്നാല്‍, സാമിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സാമിനു നേരെ നേരത്തെ വധശ്രമമുണ്ടായതായും ബന്ധുക്കള്‍ മൊഴി നല്‍കി.

ഇതു സംബന്ധിച്ച അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കുമെത്തിയത്. സോഫിയുടേയും അരുണിന്റേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇവരാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി.

സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. പ്രതികള്‍, മാസങ്ങളോളം മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.

സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ എബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം.

Top