വാഹനാപകടം: വിനോദ യാത്രയ്ക്കുപോയ മലയാളി വനിതയ്ക്കു യുഎസില്‍ ദാരുണാന്ത്യം

america

കൊച്ചി: വിനോദയാത്രയ്ക്കു പോയ മലയാളി വനിത വാഹനാപകടത്തില്‍ മരിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മക്കളുമൊത്ത് വിനോദയാത്രയ്ക്കു പോയപ്പോഴാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയണല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിജിഎം ജംക്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ്(43) ആണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരുടെ മകള്‍ നവോമി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. മറ്റു മക്കളായ അന, ഇന എന്നിവര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആന്‍സി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെബ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടറായ എറണാംകുളം കടവന്ത്ര-വില്ലോത്ത് വിനോദിന്റെ ഭാര്യയായ ആന്‍സി കഴിഞ്ഞ 24ന് പുലര്‍ച്ചെ അറ്റ്‌ലാന്റയിലെ താമസ സ്ഥലത്തുനിന്ന് മക്കളുമൊത്ത് സൗത്ത് കാരലിനയിലെ ബീച്ചിലേക്ക് കാര്‍ ഓടിച്ചു പോകുമ്പോള്‍ അഗസ്തയിലായിരുന്നു അപകടം.

വിവരമറിഞ്ഞ് ആന്‍സിയുടെ മാതാപിതാക്കള്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. ഐസിയുവിലുള്ള മകള്‍ നവോമി അപകടനില തരണം ചെയ്തിട്ടുണ്ട്. അനയുടെ ഇരട്ട സഹോദരിയാണ് നവോമി. ആന്‍സിയും കുടുംബവും വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്.

Top