രാജ്യത്തെ ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി കണ്ണൂർ സ്വദേശി

കൊച്ചി: രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. കൊട്ടക് വെൽത്ത് മാനേജ്‌മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിൽ വിദ്യ ഇടം പിടിച്ചത്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് കണ്ണൂർ സ്വദേശിയായ വിദ്യ. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി.

100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ ഇരുപത്തൊന്നാം സ്ഥാനവും സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനവുമാണ് വിദ്യ. എച്ച്.സി.എൽ. ടെക്‌നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വനിതാ സംരംഭക. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും 21,340 കോടി രൂപ ആസ്തിയുമായി ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.

Top