ഡല്‍ഹി സര്‍വകലാശാല; മലയാളി വിദ്യാര്‍ത്ഥിക ള്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനം

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതായി പരാതി. എബിവിപി പ്രവര്‍ത്തകര്‍ ആണ് മര്‍ദ്ദിച്ചതെന്ന് അക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ക്യാമ്പസില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മൈത്രി വിദ്യാര്‍ത്ഥികള്‍ക്കായി ഒറ്റയ്ക്ക് നടക്കരുതെന്നും കൂട്ടായി സഞ്ചരിക്കണമെന്നുമുള്ള മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇതിനിടെ പരീക്ഷകള്‍ മുടങ്ങാതിരിക്കാനാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്ന വിശദീകരണവുമായി എബിവിപി രംഗത്തെത്തി. ചില ഇടത് സംഘടനകളാണ് ക്യാമ്പസില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ എബിവിപി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Top