ചൈനയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലെത്തും

ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. കൊറോണ വൈറസ് തീവ്രമായ ചൈനയില്‍ നിന്ന് കുട്ടികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമമായിരുന്നു സര്‍ക്കാര്‍ നടത്തിയിരുന്നത്.

ഇപ്പോള്‍ ചൈനയില്‍ നിന്നും സന്തോഷവാര്‍ത്തയാണ് കിട്ടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ തെളിയുന്നു. ബാങ്കോക്ക് വഴി കൊച്ചിയിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് ടിക്കറ്റ് കിട്ടി. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് അവര്‍ ചൈനയില്‍ നിന്ന് പുറപ്പെടും എന്നാണ് വിവരം.

ചൈനയിലെ കുമിങ് ഡാലിയന്‍ സര്‍വ്വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ത്ഥികളടക്കം 21പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് സിംഗപ്പൂര്‍ വഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ തിരിച്ച് വരില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ക്ക് എഴുതിനല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പോന്നത് എന്നതിനാല്‍ തിരിച്ച് പോകാനും കഴിയാത്ത അവസ്ഥയായിരുന്നു.

Top