ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ മലയാളിയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ അപേക്ഷ നല്‍കി മലയാളിയും. മുന്‍ ഇന്ത്യന്‍ താരമായിരുന്ന അബി കുരുവിളയാണ് ബിസിസിഐക്ക് ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ അപേക്ഷ നല്‍കിയത്. ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 53കാരനായ കുരുവിള 25 ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു കുരുവിള. 2012ല്‍ മുംബൈ ടീമിന്റെ ചീഫ് സെലക്ടറായും കുരുവിള പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഴിവ് വന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് അപേക്ഷ നല്‍കിയത്.

മുന്‍ ഇന്ത്യന്‍ പേസറായ അജിത് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവിലേക്ക് അപേക്ഷ നല്‍കിയിരുന്നു. അബി കുരുവിളയും അജിത് അഗാര്‍ക്കറും ഒരുപാട് കാലം മുംബൈക്കായി ഒരുമിച്ച് കളിച്ചവര്‍ കൂടിയാണ്. മദന്‍ ലാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഉപദേശക സമിതിയാണ് സെല്കഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക.

നിലവില്‍ മേഖലാ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് മേഖലാ അടിസ്ഥാനത്തില്‍ സെലക്ടര്‍മാരെ തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ല. ഏറ്റവും മികച്ച അഞ്ചു പേര്‍ എന്നു മാത്രമാണ് ലോധ കമ്മിറ്റി ശുപാര്‍ശയിലുള്ളത്. ഈ സാഹചര്യത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ തന്നെ സെലക്ടര്‍മാരെ തെരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ ബിസിസിഐക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

Top